ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ പലയിടങ്ങളും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു.
വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം.
ബാവന(434), നരേല(418), രോഹിണി(417), ആര്‍.കെ പുരം(417), ദ്വാരകനരേല(404), ഒഖ്ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്.
വായുഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതല്‍ 100 വരെയുള്ളവയും തൃപ്തികരമാണ്. 101 മുതല്‍ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണക്കാക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു. സംഖ്യ 400-നു മുകളില്‍ കടക്കുന്നതോടെ ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായും കണക്കാക്കും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. ‘വളരെ മോശം’മുതല്‍ ‘കടുത്ത’ അവസ്ഥ വരെയെത്തി. ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനികരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ആഴ്ചകളില്‍ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാല്‍ ആളുകള്‍ പടക്കംപൊട്ടച്ചതോടെ ഇത് വീണ്ടും മോശമാവുകയായിരുന്നു.