വാഷിംഗ്ടൺ: കൊറോണ വൈറസിൻ്റേ പുതിയ വകഭേദമായ ഒമിക്രോണ്‍ യുഎസിൽ അതിവേഗം പടരുന്നു. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ അവസ്ഥ. ഓരോ ദിവസവും രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുകയാണ്.
ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. മരണനിരക്കും ഡെൽറ്റ വകഭേദത്തേക്കാൾ വളരെ ഉയർന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2,267 കൊറോണ മരണങ്ങളാണ് വ്യാഴാഴ്ച മാത്രം യുഎസിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 5,38,028 പേരാണ് വെള്ളിയാഴ്ച രോഗബാധിതരായത്. ജനുവരി ആദ്യം ഒറ്റദിവസം 10 ലക്ഷം കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ അടക്കമുള്ള മറ്റ് വകഭേദങ്ങള്‍ പിടിപെടാന്‍ സാധ്യത കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആര്‍) പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്‍റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.
ഒമിക്രോൺ മൂലമുണ്ടാകുന്ന ആന്‍റിബോഡികൾ ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കുകയും, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു. ഡെല്‍റ്റക്ക് മുമ്പുണ്ടായ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐസിഎംആര്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.