തൃക്കാക്കര നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ കൊതുകുകളെ നാടുകടത്താൻ നഗരസഭ.
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ കൊതുകുകളെ നാടുകടത്താൻ നഗരസഭ.
ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ഡെങ്കു ബാധിത വാര്‍ഡുകളില്‍ ഫോഗിങ് നടത്തി കൊതുകുകളെ തുരത്താനാണ് ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം. തൃക്കാക്കരയില്‍ നൂറിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ‘മാധ്യമം’ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നഗരസഭ അടിയന്തര യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഇടച്ചിറയില്‍ രണ്ടര വയസ്സുകാരി ദുര്‍ഗ മനോജ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇടച്ചിറ വാര്‍ഡിലെ കുഴിക്കാട്ടുമൂലയിലെ സ്വകാര്യ ഫ്ലാറ്റിലെ ശുചീകരണ തൊഴിലാളികള്‍ ഒന്നടങ്കം ഡെങ്കി ബാധിതരായി ചികിത്സയിലായ വിവരം നഗരസഭ ആരോഗ്യ വിഭാഗം അറിഞ്ഞമട്ടില്ല.
വിവരം ജില്ല മെഡിക്കല്‍ ഓഫിസറെപ്പോലും അറിയിച്ചിട്ടില്ല. കിഴക്കൻ മേഖലയായ ഇടച്ചിറ, ഇൻഫോ പാര്‍ക്ക് പരിസരങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ ചില വാര്‍ഡിലും രോഗവ്യാപനം നിയന്ത്രിക്കാൻ നഗരസഭ ഒരു ഇടപെടലും നടത്തിയിട്ടില്ല. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇഴയുകയാണ്. നഗരസഭയിലെ കൊതുക് നശീകരണത്തിനായി നിയോഗിച്ചിട്ടുള്ള തൊഴിലാളികളെ മറ്റ് ജോലികള്‍ക്കാണ് ഉപയോഗിക്കുന്നത്.
രാത്രികാല നിരീക്ഷണം ഇല്ല
നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയിരുന്ന രാത്രികാല നിരീക്ഷണമില്ലാതായതോടെ കാക്കനാട്ടെ പാതയോരങ്ങളില്‍ മാലിന്യം നിറയുന്നു. രാത്രികാലങ്ങളില്‍ ഹോട്ടല്‍, കാറ്ററിങ് മാലിന്യങ്ങള്‍ നിറച്ചെത്തുന്ന വാഹനങ്ങള്‍ പിടികൂടാൻ നഗരസഭ കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ രാത്രികാല പരിശോധനകള്‍ക്ക് ഇറങ്ങിയിരുന്നു.
കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കറുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ അക്കാലത്ത് പിടികൂടി നടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനകള്‍ പുലര്‍ച്ചവരെ നീണ്ടതിനാല്‍ നഗരസഭക്ക് പുറത്ത് നിന്നുള്ള മാലിന്യവണ്ടികള്‍ ഒരെണ്ണംപോലും തൃക്കാക്കരയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, നഗരസഭയിലെ 43 ഡിവിഷനിലും ഇപ്പോള്‍ രാത്രികാല നിരീക്ഷണവും പരിശോധനകളും നടക്കുന്നില്ല.