ബംഗളൂരു നഗരത്തില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു.
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ആഗസ്റ്റില്‍ 2374 കേസുകളാണ് ബി.ബി.എം.പി പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സെപ്റ്റംബറിലെ ആദ്യ മൂന്നു ദിവസം 181 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഡെങ്കിപ്പനി പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതല്‍ സ്വീകരിക്കാൻ ആരോഗ്യവിഭാഗത്തിന് ബി.ബി.എം.പി നിര്‍ദേശം നല്‍കി. ബി.ബി.എം.പി സൗത്ത് സോണിലാണ് ഏറ്റവും കൂടുതല്‍ പനിബാധിതരുള്ളത്; 416 പേര്‍. വെസ്റ്റ് സോണില്‍ 274ഉം ഈസ്റ്റ് സോണില്‍ 272ഉം കേസുകളാണുള്ളത്. ആര്‍.ആര്‍ നഗര്‍, യെലഹങ്ക മേഖലകളില്‍ 160 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈയില്‍ 1649ഉം ജൂണില്‍ 689ഉം ഡെങ്കി കേസുകളാണുണ്ടായിരുന്നത്.
ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബി.ബി.എം.പി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം സാഹചര്യം വിലയിരുത്തിയ മന്ത്രി, ഡെങ്കിപ്പനി മോണിറ്റര്‍ ചെയ്യാൻ മൊബൈല്‍ ആപ്ലിക്കേഷൻ വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഫീല്‍ഡില്‍നിന്ന് തത്സമയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും വേണ്ടിയാണ് ആപ് തയാറാക്കിയത്. എവിടെയൊക്കെ കൊതുകുനശീകരണ സ്പ്രേ നടത്തുന്നു എന്ന വിവരമടക്കം ആപ്പിലുണ്ടാകും. അതത് സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ പ്രദേശവാസികള്‍ക്ക് പരാതിപ്പെടാം. ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുകയാണ്. അത് എങ്ങനെ തടയണമെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍നിന്നാണ് ഡെങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുന്നത്. നിലവില്‍ ബി.ബി.എം.പിക്ക് കീഴില്‍ ആറ് ലാബുകള്‍ ഡെങ്കി പരിശോധനക്കായുണ്ട്. ലാബുകളുടെ എണ്ണം കൂട്ടാൻ ഉത്തരവ് നല്‍കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
നഗരത്തില്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ ജീവനക്കാരുടെ കുറവുണ്ടെന്ന് ബി.ബി.എം.പി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. 179 എ.എൻ.എം വര്‍ക്കേഴ്സിന്റെ കുറവാണുള്ളത്. ജീവനക്കാരുടെ വേതനം 6,000 രൂപ വര്‍ധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി മറുപടി നല്‍കി. നേരത്തെ 12,000 രൂപ നല്‍കിയിരുന്നത് ഇതോടെ 18,000 രൂപയാകും. സ്കൂളുകളിലടക്കം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ബി.ബി.എം.പി അറിയിച്ചു. ബി.ബി.എം.പി ഡോക്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പ്രാഥമികാരോഗ്യ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ ഡെങ്കിപ്പനി മേഖലകളില്‍ സര്‍വെ നടത്തും.