ഉയര്‍ന്ന താപനിലയില്‍ ഡെങ്കി വൈറസ് മാരകമാകുമെന്ന് പഠന റിപ്പോര്‍ട്ട്

August 24, 2023
29
Views

ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍.ജി.സി.ബി) പഠന റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍.ജി.സി.ബി) പഠന റിപ്പോര്‍ട്ട്.

ഉയര്‍ന്ന താപനിലയില്‍ വളരുന്ന കൊതുകുകളില്‍ ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ഇവിടെ നടന്ന ഗവേഷണത്തിലെ കണ്ടെത്തല്‍. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഓഫ് എക്സ്പെരിമെന്‍റല്‍ ബയോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

കൊതുകിന്‍റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്‍റെ കഴിവ് രോഗവ്യാപനത്തില്‍ നിര്‍ണായക ഘടകമാണെന്ന് ഗവേഷണ സംഘത്തലവന്‍ ഡോ. ഈശ്വരന്‍ ശ്രീകുമാര്‍ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച്‌ അത് കൂടുകയോ കുറയുകയോ ചെയ്യും. താപനില കൂടുന്നത് കൊതുകിലെ വൈറസിന്‍റെ തീവ്രത കൂട്ടാന്‍ ഇടയാക്കും. കൊതുക് കോശങ്ങളില്‍ ഉയര്‍ന്ന ഊഷ്മാവിലുള്ള വൈറസ് താഴ്ന്ന താപനിലയില്‍ വളരുന്ന വൈറസിനേക്കാള്‍ അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനിതകമാറ്റം നടത്തിയ എലികളെ ഉപയോഗിച്ച്‌ രാജ്യത്തുതന്നെ ആദ്യമായി സൃഷ്ടിച്ച ഒരു മാതൃകയിലാണ് പരീക്ഷണം നടത്തിയത്. ഉയര്‍ന്ന താപനിലയില്‍ വളര്‍ന്ന വൈറസ് എലിയുടെ രക്തത്തിലെ രോഗാണുവിന്‍റെ അളവിനെ ഗണ്യമായി വര്‍ധിപ്പിക്കുകയും ഹൃദയം, കരള്‍, വൃക്ക തുടങ്ങിയവയില്‍ അപകടരമായ കോശമാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കൂടാതെ മരണകാരണമാകുന്ന ആന്തരിക രക്തസ്രാവത്തിനും ഷോക്ക് സിന്‍ഡ്രോമിനും ഇത് വഴിയൊരുക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. അന്തരീക്ഷ ഊഷ്മാവ് കൂടിയ കാലാവസ്ഥയില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകിന്‍റെ വളര്‍ച്ച കൂട്ടും. ഇത് കൂടുതല്‍ മാരകമായ ഡെങ്കി വൈറസ് മൂലമുള്ള ഗുരുതര രോഗവും രൂപപ്പെടുത്തും. രാജ്യത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്ബോഴും ഇക്കാര്യം ഇതുവരെ പരിശോധിച്ചിട്ടില്ല. ഈശ്വരന്‍ ശ്രീകുമാറിന് പുറമേ അയന്‍ മോദക്, സൃഷ്ടി രാജ്കുമാര്‍ മിശ്ര, മാന്‍സി അവസ്തി, ശ്രീജ ശ്രീദേവി, അര്‍ച്ചന ശോഭ, ആര്യ അരവിന്ദ്, കൃതിക കുപ്പുസാമി എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *