മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീ വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവയ്ക്കുന്നതായി സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധിച്ചു.
മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.
യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയാറായില്ല.