കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ
ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നതിൽ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നതിൽ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹർജി പരിഗണിക്കുക. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
തൻ്റെ വീട്ടിൽ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിൻ്റെ കൈവശമുണ്ടെന്നും വാദത്തിനിടെ ദിലീപ് ചൂണ്ടിക്കാട്ടി. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്താണ് ഈ ഫോണിൽ പ്രധാനപ്പെട്ടതായിട്ടുള്ളതെന്ന് ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ.ബി.രാമൻപ്പിള്ള വാദത്തിനിടെ ചോദിച്ചു.
കേസിൽ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന ശ്രദ്ധേയമായ പരാമർശം ഇന്നത്തെ വാദത്തിനിടെ രാമൻപിള്ളയിൽ നിന്നുണ്ടായി. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കട്ടേയെന്നും രാമൻപിള്ള പറഞ്ഞു. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.
തൻ്റെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ഫോണുകൾക്കായി സർക്കാർ ഉപഹർജി ഫയൽ ചെയ്ത് തങ്ങൾക്ക് നോട്ടീസ് കിട്ടും മുൻപേ ഇതേക്കുറിച്ച് ഒരു മാധ്യമസ്ഥാപനം തന്നെ വിളിച്ച് പ്രതികരണം ആരാഞ്ഞെന്നും എങ്ങനെയാണ് ഈ വിവരങ്ങളെല്ലാം പുറത്തു പോകുന്നതെന്നും രാമൻപിള്ള ചോദിച്ചു.
ഇന്ന് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്ന് രാമൻപിള്ള വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.