പുതിയ വകുപ്പുകൾ കൂടി ചുമത്തി ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്: ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

January 21, 2022
242
Views

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗൂഢാലോചന നടത്തിയെന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒൻപതിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറഞ്ഞിരുന്നത്. ഇതിൽ ഒരു അഡീഷണൽ റിപ്പോർട്ട് ആണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. ഗൂഡാലോചന നടത്തി എന്ന് മാത്രം പറയുമ്പോൾ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. എന്തിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് കൂടി ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട്. മുൻകൂർ ജാമ്യ ഹർജിയെ എതിർക്കുമ്പോൾ പുതിയ കൂട്ടിച്ചേർക്കൽ നിർണായകമാകും.

അതിനിടെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ടി.എൻ.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ.

ലൈംഗിക അതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകുന്നത് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്ന ശേഷം നടക്കുന്ന ആദ്യ സംഭവമായിരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു കുറ്റകൃത്യത്തിലെ മുഖ്യ സൂത്രധാരൻ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്.

വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ. നിർണായക തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിനാൽ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *