‘മധുരം’ സിനിമയിലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ജോജു സിനിമയിൽ തന്റെ കണ്ണുകളും മുഖവും ശബ്‌ദവുമെല്ലാം ഗംഭീരമായി ഉപയോഗിച്ചതായി ഭദ്രൻ പറഞ്ഞു. അർഥവത്തായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു സംവിധായകൻ ഭദ്രന്റെ പ്രതികരണം. നൂറു മാർക്കിന്റെ ചിത്രമാണ് മധുരം എന്ന് പറഞ്ഞ അദ്ദേഹം ജോജുവിനോട് കൂടുതൽ കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ പറയാമെന്നും കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ‘ മധുരം ‘ സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാൻ എന്ന് പറഞ്ഞു.
ജോജു ജോർജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്‌റ്റാൻഡേഴ്സിന്റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാർക്കിന്റെ സിനിമ !!
അഹമ്മദ് കൺഗ്രാറ്റ്സ്. മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ… തന്റെ കണ്ണുകളും മുഖവും ശബ്‌ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്‌ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല.ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം…’, ഭദ്രൻ കുറിച്ചു.