ബാബുവിന്റെ ജീവിതം സിനിമയാക്കുന്ന കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് സംവിധായകൻ ഒമര്‍ ലുലു.നിലവില്‍ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ തിരക്കിലാണ് ഒമര്‍ ലുലു.
ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെ പിറകെയാണ് താനിപ്പോള്‍ എന്ന് വ്യക്തമാക്കിയ ഒമര്‍ ലുലു, ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലെന്നും പറഞ്ഞു. ഒപ്പം ബാബുവിന് എല്ലാ ആശംസകളും സംവിധായകന് നേരുന്നുമുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ വിശദീകരണം.
‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു, ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്.ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാ.ബാബുവിന് എല്ലാവിധ നന്മകള് നേരുന്നു’, ഒമര്‍ ലുലു കുറിച്ചു.
‘ബാബുവിന്റെ ജീവിതം സിനിമയാക്കുന്നത് പരിഗണനയില്‍, നായകനെ തിരഞ്ഞ് ഇനി ഇങ്ങോട്ടും പോകണ്ട’ എന്ന ക്യാപ്ഷനില്‍ ഒമര്‍ ലുലുവിന്റെയും പ്രണവ് മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ ഉള്ള ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. ഈ ട്രോളിന് മറുപടി നലകുകയായിരുന്നു ഒമര്‍ ലുലു.മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കില്‍ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ഇപ്പോള്‍ സുരക്ഷിതമായി സ്വന്തം വീട്ടിലാണ്.