പത്മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരമോന്നത പുരസ്‌കാരമായ പത്മപുരസ്‌കാരം നിരസിക്കുന്ന ബംഗാളില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് സന്ധ്യാ മുഖര്‍ജി. ഇന്നലെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും പത്മപുരസ്‌കാരം നിരസിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാല്‍ പുരസ്‌കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം.
ഈ വര്‍ഷത്തെ പത്മ പുരസ്‌കാര പട്ടികയില്‍ നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി. സാമൂഹ്യപ്രവര്‍ത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോനും പുരസ്‌കാരങ്ങള്‍ കിട്ടി. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.