കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പൊട്ടിക്കരഞ്ഞ് ഡി.കെ ശിവകുമാര്‍.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പൊട്ടിക്കരഞ്ഞ് ഡി.കെ ശിവകുമാര്‍.
2020ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍, തിഹാര്‍ ജയിലില്‍ തന്നെ കാണാന്‍ വന്ന സോണിയാ ഗാന്ധിയെ മറക്കാനാവില്ലെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷ അദ്ദേഹം വികാരാധീനനായാണ് സംസാരിച്ചത്. പൂര്‍ണമായും തന്നെ വിശ്വാസത്തിലെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു
“ഞാന്‍ കര്‍ണാടകയിലെ ഭരണം തിരികെ പിടിക്കുമെന്ന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജയിലില്‍ വെച്ച് സോണിയാ ഗാന്ധി എന്നെ കാണാന്‍ വന്നത് എനിക്ക് മറക്കാന്‍ കഴിയില്ല,” ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ണാടകയിലെ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് വലിയ പ്രചോദനമാകും.
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ തനിക്കെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം നിലനില്‍ക്കില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് തനിക്കെതിരെ കേസുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ജാതി സമവാക്യങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കര്‍ണാടകയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു കാര്യം വ്യക്തമായി. ലിംഗായത്ത് വോട്ടുകള്‍ നെടുകെ പിളര്‍ന്ന് കോണ്‍ഗ്രസിലെത്തിയെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇതിന് പുറമേ വൊക്കലിംഗ വോട്ടും മുസ്ലിം ദളിത് ന്യൂനപക്ഷ വോട്ടുകളും അപ്പാടെ കോണ്‍ഗ്രസിലെത്തിയെന്നാണ് വിലയിരുത്തല്‍.
ആരാണ് ബിജെപിക്കെതിരെ ശക്തരാകുന്നത്, അവര്‍ക്ക് വോട്ട് ചെയ്യുകയെന്ന ന്യൂന പക്ഷങ്ങളുടെ രീതി കര്‍ണാടകയില്‍ തീവ്രമാകുന്ന കാഴ്ച്ചയാണ് കണ്ടത്. തീരദേശ മേഖല ഉള്‍പ്പെട്ട ദക്ഷിണ കന്നഡയില്‍ ബിജെപിക്ക് തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ നയിച്ച കോണ്‍ഗ്രസ് വിജയത്തിലേക്ക് മുന്നേറുന്നതോടെ കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം ആളിക്കത്തിയെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും.
കോണ്‍ഗ്രസ് ക്യാമ്ബില്‍ ഇതിനോടകം തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ കര്‍ണാടകയില്‍ മോദി മാജിക് ഏറ്റില്ലെന്ന് ഉറപ്പായും പറയാം. മോദിയുടെ റോഡ് ഷോ ഉള്‍പ്പടെ വലിയ പ്രചാരണമായിരുന്നു ബിജെപി കര്‍ണാടകയില്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വലിയ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.
നിലവില്‍ കോണ്‍ഗ്രസ് 136 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റുകളിലും ജെഡിഎസ് 19 സീറ്റുകളിലും മുന്നിലാണ്. മോദിയുടെ ഏഴ് ദിവസത്തെ പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും വന്‍ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. എന്നാല്‍ ഫലം വന്നതോടെ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്. മഴ മൂലം ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കി റോഡ് മാര്‍ഗമായിരുന്നു മോദി കര്‍ണാടകയില്‍ പ്രചാരണത്തിന് എത്തിയത്. ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്. മുംബൈ കര്‍ണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു.
അതേസമയം ജെഡിഎസ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു.
മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസ് നല്ല മുന്നേറ്റമുണ്ടാക്കിയതോടെ ജെഡിഎസിന്റെ പ്രസക്തി നഷ്ടമായി. കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപ്പൂരില്‍ പോയത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്ന് വാര്‍ത്തകള്‍ കൂടി വന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയും ഏറെ ചര്‍ച്ചയായത്. ഇന്ന് രാവിലെ സിങ്കപ്പൂരില്‍ നിന്ന് കുമാരസ്വാമി ബാംഗ്ലൂരില്‍ തിരിച്ചെത്തിയിരുന്നു.