ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതിക്ക് മെഡിക്കല്‍ കോളജില്‍ പഠനം തുടരാമെന്ന് ഹൈക്കോടതി

March 15, 2024
30
Views

ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം.

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പി ജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു.ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചത്.

പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

ജാമ്യം ലഭിച്ച റുവൈസ് സസ്‌പെൻഷൻ പിൻവലിച്ച്‌ പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗുരുതര കുറ്റകൃത്യമാണ് ഇയാള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളതെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനം തുടരുന്നതിന് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്ലാസില്‍ മതിയായ ഹാജരില്ലെങ്കില്‍ പരീക്ഷ എഴുതാൻ അനുവദിക്കാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാല്‍, കുറ്റവാളികള്‍ക്കുപോലും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നും അത് പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഡിസംബർ നാലിനാണ് ഡോ. ഷഹന ജീവനൊടുക്കിയത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്ന് മുടങ്ങിയതിനാല്‍ ഷഹന ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യപ്രേരണക്കുറ്റത്തിന് പുറമെ സ്ത്രീധന നിരോധനനിയമ പ്രകാരമുള്ള കുറ്റങ്ങള്‍കൂടി ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *