ശാസ്താംകോട്ടയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: ഭീഷണിയുമായി കോൺഗ്രസ് നേതാവ്

October 16, 2021
116
Views

കൊല്ലം: ശാസ്താംകോട്ടയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഭീഷണിയുമായി കോൺഗ്രസ് നേതാവ്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് കൊല്ലം ഡിസിസി സെക്രട്ടറി ആശുപത്രി സൂപ്രണ്ടിനോട് ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്തുവന്നു.

ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ് ശാസ്താംകോട്ട താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ വിളിച്ച് സംസാരിക്കുന്നത്. അതിന് ശേഷം ഫോൺ കാഞ്ഞിരവിളം അജയകുമാറിന് കൈമാറുകയായിരുന്നു. താൻ അഭിഭാഷകനും ഡിസിസി ജനറൽ സെക്രട്ടറിയുമാണെന്ന് പറഞ്ഞായിരുന്നു അജയകുമാർ സംസാരം ആരംഭിച്ചത്. പിന്നീട് മർദനമേറ്റ ഡോക്ടറോട് കേസ് പിൻവലിക്കാൻ ആവശ്യപ്പെടണമെന്നായി. തുടർന്നായിരുന്നു ഭീഷണി മുഴക്കിയത്. ആശുപത്രിയിൽ മാത്രമേ ഡോക്ടർമാർക്ക് പ്രൊട്ടക്ഷൻ ഉള്ളു എന്നും ഡോക്ടറെ പുറത്ത് നേരിടുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ആശുപത്രി സൂപ്രണ്ട് കോൾ അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഇത് ഭീഷണി ആയിരുന്നില്ലെന്നും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുന്ന കാര്യമാണ് പറഞ്ഞതെന്നും അജയകുമാർ പ്രതികരിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അക്രമങ്ങൾ ഡോക്ടർമാർക്കെതിരെ ഉണ്ടാകുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി അടക്കമുള്ളവർ സംഭവത്തെ അപലപിച്ചിരുന്നു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. എം.ഗണേശിനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചത്. കിണറ്റിൽവീണ വയോധികയുടെ മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടിയതോടെ മണിക്കൂറോളം സംഘർഷാവസ്ഥയായി. ഒടുവിൽ പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *