ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സംഘം വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും.
കൊച്ചി: ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സംഘം വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും.
വ്യാഴാഴ്ച യാത്രതിരിച്ച ഇവര്‍ അതിരാവിലെ കേരള ഹൗസിലെത്തുമെന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ എത്തിച്ചേരുന്ന 27 പേരില്‍ 10 പേര്‍ വനിതകളാണ്. ഇവര്‍ക്ക് കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഡല്‍ഹിയില്‍നിന്ന് അടുത്തദിവസംതന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.
മലയാളികളുടെ സുരക്ഷക്ക് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുണ്ടെന്നും ഹിമാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണെന്നും കെ.വി. തോമസ് വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളജില്‍നിന്ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള 18 പേരുമാണ് മണാലിയില്‍ ടൂര്‍ പോയത്.