ഴപ്പിലങ്ങാട് തെരുവ്‌നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാംക്ലാസ്സുകാരി ജാന്‍വിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
കണ്ണൂര്‍ : മുഴപ്പിലങ്ങാട് തെരുവ്‌നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാംക്ലാസ്സുകാരി ജാന്‍വിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
ജാന്‍വിയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടെങ്കിലും അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ കാലിലും തലയിലുമാണ് ഗുരുതര മുറിവുകള്‍ ഉള്ളത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ് ജാന്‍വിക്ക് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നത്. മൂന്ന് തെരുവ് നായ്ക്കള്‍ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ രക്ഷിതാക്കള്‍ ഓടിയെത്തിയതിനാല്‍ അപകടം ഒഴിവായി. ദിവസങ്ങള്‍ക്ക് മുമ്ബാണ് മുഴുപ്പിലങ്ങാട് പഞ്ചായത്തില്‍ തന്നെയുള്ള സംസാര ശേഷിയില്ലാതിരുന്ന 11 വയസ്സുകാരനായ നിഹാല്‍ നൗഷാദിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നത്.
നിഹാലിന്റെ അരയ്ക്കു താഴെ മാംസം മുഴുവന്‍ കടിച്ചെടുത്ത നിലയിലായിരുന്നു. സംസാരശേഷിയില്ലാത്തതിനാല്‍ ഒച്ചവെച്ച് ആളുകളെ കൂട്ടാനും കുട്ടിക്ക് സാധിച്ചില്ല. നിഹാലിനെ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാന്‍ ഉത്തരവിട്ടിട്ടുമുണ്ട്.
എന്നാല്‍ സംഭവത്തില്‍ കോടതി ഇടപെടണമെന്നാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ജനങ്ങളുടെ ജീവനാണ് വില നല്‍കേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.