ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

August 25, 2023
16
Views

ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലായി.

വാഷിങ്ടണ്‍: ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലായി.

2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാൻ ശ്രമിച്ചു, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ട്രംപ് കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറ്റ്ലാന്റയിലെ ഫുള്‍ട്ടണ്‍ കൗണ്ടി ജയിലില്‍ എത്തിയാണ് ട്രംപ് കീഴടങ്ങിയത്.

കേസില്‍ ബോണ്ടും ജാമ്യവ്യവസ്ഥകളും അംഗീകരിച്ചതോടെ വിചാരണ നേരിടാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇന്ന് വരെയാണ് ട്രംപിന് കീഴടങ്ങാൻ കോടതി സമയം അനുവദിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് രണ്ടുലക്ഷം ഡോളര്‍ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥ ട്രംപ് കോടതിയില്‍ അംഗീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിസന്ദേശങ്ങള്‍ പങ്കുവെക്കരുതെന്ന കോടതി നിര്‍ദേശവും ട്രംപ് അംഗീകരിച്ചു. സെപ്റ്റംബര്‍ ആദ്യം മാത്രമാകും ഈ കേസില്‍ ജാമ്യഹര്‍ജി നല്‍കാൻ ട്രംപിന് സാധിക്കുക.

ജോര്‍ജിയ തിരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ട്രംപിനും മറ്റ് 18 പ്രതികള്‍ക്കുമെതിരെ 41 ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാജ്യത്തെ കബളിപ്പിക്കല്‍, ഔദ്യോഗിക നടപടി തടസപ്പെടുത്തുക, ഗൂഢാലോചന എന്നീ സുപ്രധാന വകുപ്പുകളും ഇവര്‍ക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ട്രംപ് പ്രതിയാകുന്ന നാലാമത്തെ കേസാണിത്. ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്‍റ് ഇത്രയധികം ക്രിമിനല്‍ കേസുകളില്‍ തുടര്‍ച്ചയായി പ്രതിയാകുന്നത്. ഒന്നിലേറെ തവണ അദ്ദേഹത്തിന് കോടതിയില്‍ ഹാജരാകേണ്ടിയും വന്നു. അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപ് ഇത്രയധികം കേസുകളില്‍ പ്രതിയായത്.

ന്യൂജേഴ്‌സി ഗോള്‍ഫ് ക്ലബ്ബില്‍ നിന്ന് അറ്റ്‌ലാന്റയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്ബ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകളില്‍ ട്രംപ് പറഞ്ഞു, “തിരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം കാണിച്ചതിന്” തന്നെ അറസ്റ്റുചെയ്യുകയാണ്.” “ഇത് സങ്കടകരമാണ്!” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള തന്റെ എട്ട് എതിരാളികളെ ഉള്‍പ്പെടുത്തി വിസ്കോണ്‍സിനിലെ മില്‍വാക്കിയില്‍ നടന്ന ടെലിവിഷൻ സംവാദത്തെ ട്രംപ് നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. രണ്ട് സ്ഥാനാര്‍ത്ഥികളൊഴികെ മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും അദ്ദേഹം കുറ്റവാളിയാണെങ്കിലും പാര്‍ട്ടിയുടെ നോമിനിയായി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

Article Categories:
Kerala · World

Leave a Reply

Your email address will not be published. Required fields are marked *