സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ കടുപ്പിച്ചതോടെ ഇതരസംസ്ഥാന ലൈസൻസുകളുമായി ഏജൻസികള്‍ രംഗത്ത്. ഏത് സംസ്ഥാനത്ത് നിന്നെടുക്കുന്ന ഡ്രൈവിങ് ലൈസൻസുകള്‍കൊണ്ടും ഇന്ത്യയിലെവിടെയും വാഹനമോടിക്കാം.
നേരത്തെയും ഇത്തരത്തില്‍ ലൈസൻസുകളെടുത്ത് നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ കൂടിയെന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നത്.
ഇങ്ങനെ ലൈസൻസ് സംഘടിപ്പിച്ച് നല്‍കാൻ ഏജന്റുമാരും സജീവമായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നു എന്ന് വ്യാജമായുള്ള അഡ്രസ്സ് വെച്ചാണ് ലൈസൻസ് എടുക്കുന്നത്. വണ്ടിയോടിക്കാൻ അറിയില്ലെങ്കില്‍ അത്യാവശ്യം ഓടിക്കാൻ പഠിപ്പിക്കുന്ന ഏജൻസികളുമുണ്ട്. എന്നാല്‍ ഡ്രൈവിങ് അറിയണമെന്നുപോലും ഇല്ലാതെ ലൈസൻസ് എടുത്ത് കൊടുക്കുന്നവരുമുണ്ട്.
കേരളത്തിലേതുപോലെയുള്ള കർശനമായ ടെസ്റ്റുകളൊന്നും മറ്റു പലയിടത്തും ഉണ്ടാവാറില്ല. തമിഴ്നാട്, ഡല്‍ഹി, യു.പി., കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും ലൈസൻസുകള്‍ കേരളത്തിലേക്ക് വരുന്നത്.ഈ ഇനത്തില്‍ കേരള സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാവുക.
കേരളത്തില്‍ ഒരു ഡ്രൈവിങ് സ്കൂളില്‍പോയി പഠിച്ച് ലൈസൻസെടുക്കാൻ ശരാശരി 8000 രൂപയാണ് ചെലവ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ലൈസൻസെടുക്കാൻ കമ്മിഷൻ ഉള്‍പ്പെടെ 8000 മുതല്‍ 12,000 വരെയാണ് ചെലവ്. ആള്‍ ഹാജരാകാതെ വ്യാജമായി ലൈസൻസ് എടുത്തുകൊടുക്കുന്നവരും ഉണ്ട്. ഇതിന് ഫീസ് കൂടും. 1450 രൂപയാണ് കേരളത്തിലെ ടെസ്റ്റ് ഫീസ്.