ബംഗളൂരു: 236 താലൂക്കുകളില്‍ 216ഉം വരള്‍ച്ചബാധിതം

October 15, 2023
28
Views

സംസ്ഥാനത്തെ 236 താലൂക്കുകളില്‍ 216ഉം വരള്‍ച്ചബാധിതം.

ബംഗളൂരു: സംസ്ഥാനത്തെ 236 താലൂക്കുകളില്‍ 216ഉം വരള്‍ച്ചബാധിതം. വെള്ളിയാഴ്ച 22 താലൂക്കുകളെ കൂടി പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതോടെയാണിത്.

കാര്‍ഷിക വിളകളുടെ പുതിയഘട്ട സര്‍വേക്കു ശേഷമാണ് പുതിയ താലൂക്കുകളെ പട്ടികയില്‍ ചേര്‍ത്തത്.

പുതിയവയില്‍ 11 എണ്ണം അതിതീവ്ര വരള്‍ച്ചപ്രശ്നം അനുഭവിക്കുന്നവയാണ്. 189 താലൂക്കുകളാണ് തീവ്രമായ വരള്‍ച്ച അനുഭവിക്കുന്നത്. 27 എണ്ണം ഇതില്‍ കുറവ് പ്രശ്നവും അനുഭവിക്കുന്നവയാണ്. സംസ്ഥാനത്തിന് കൂടുതല്‍ ദുരിതാശ്വാസ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്ത തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാറിന് പുതിയ നിവേദനം നല്‍കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 195 താലൂക്കുകളെയാണ് വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നത്.

ഈ വര്‍ഷം മുമ്ബുണ്ടാകാത്തവിധം രൂക്ഷമായ വരള്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മിക്കവാറും എല്ലാ ജില്ലകളിലും മഴ തീരെ കിട്ടിയിട്ടില്ല. ഇതിനാല്‍ തന്നെ മറ്റു താലൂക്കുകളെയും വരള്‍ച്ചബാധിതമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 300 കോടി രൂപ മുതല്‍ 350 കോടി രൂപ വരെ കൂടുതല്‍ ദുരിതാശ്വാസ തുകക്ക് കര്‍ണാടക്ക് അര്‍ഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.

മഴ കിട്ടാത്തതിനാല്‍ കര്‍ണാടകയില്‍ ജലശേഖരം കുറവാണെന്നും ഇതിനാല്‍ തമിഴ്നാടിന് കാവേരി ജലം നല്‍കാനാകില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒക്ടോബര്‍ 31 വരെ തമിഴ്നാടിന് 3000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് കാവേരി വാട്ടര്‍ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആര്‍.സി) ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ കര്‍ണാടക വീണ്ടും അപ്പീല്‍ നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 8,000-9,000 ഘനയടി വെള്ളമാണുള്ളത്. കര്‍ഷകര്‍ക്ക് കൃഷിയാവശ്യത്തിന് വെള്ളം നല്‍കാനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *