വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലാക്കി എക്സൈസ്. ഫോറിൻ പോസ്റ്റോഫീസ് ചുമതലയുള്ള കസ്റ്റംസുമായി ചേർന്നാണ് എക്സൈസ് നീക്കം. ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് അറിയിച്ചു. സംസ്ഥാനത്താകെ തുടർ റെയ്ഡുകൾക്കും എക്സൈസ് പദ്ധതിയിടുന്നുണ്ട്.
ഫോറിൻ പോസ്റ്റ് ഓഫീസുകളിലൂടെ പാഴ്സലുകളായി കേരളത്തിലേക്ക് എത്തിയത് എംഡിഎംഎ, ബ്രൗൺ ഷുഗർ, മെത്തഫെറ്റാമിൻ തുടങ്ങിയ വീര്യം കൂടിയ ലഹരി മരുന്നുകളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിടികൂടിയത് 53 പാഴ്സലുകളാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതൽ ലഹരി എത്തിയത്. രണ്ട് വർഷമായിട്ടും കേസുകൾ എടുക്കാതെ കസ്റ്റംസ് ഒളിച്ചുകളിക്കുകയാണ്.
കൊച്ചി കച്ചേരിപ്പടി വൈഎംസിഎയ്ക്ക് സമീപമുള്ള ഫോറിൻ പോസ്റ്റോഫീസിലെ പാഴ്സൽ സർവീസ് വഴിയാണ് ലഹരിമരുന്നുകൾ എത്തുന്നത്. ലഹരിപ്പാർട്ടികൾക്കായി വലിയ തോതിൽ ഇവ കടത്തുന്നുണ്ടെന്നാണ് വിവരം. വെല്ലിംഗ്ടൻ ഐലൻഡിലെ കസ്റ്റംസ് ഹൗസ് ഇതുവരെ ഈ കേസുകളിൽ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. ഈ 53 പാഴ്സലുകൾ രാസപരിശോധനയ്ക്ക് അയക്കുകയോ മേൽനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുമില്ല. പാഴ്സലുകൾ കസ്റ്റഡിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ് കസ്റ്റംസ്. ഇങ്ങനെ സൂക്ഷിക്കാൻ കസ്റ്റംസിന് അനുവാദമില്ല.