പനി കിടക്കയില്‍ കേരളം; ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

June 24, 2023
34
Views

സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും.

ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നിരുന്നു. ഇന്നലെ നാല് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.

ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലാണ് ഡ്രൈഡേ ആചരിക്കുന്നത്. നാളെ വീടുകളില്‍ ഡ്രൈഡേ ആചരിക്കാനാണ് നിര്‍ദ്ദേശം. കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കും.

ഇന്നലെ 13,521 പേരാണ് പനിയെ തുടര്‍ന്നു ചികിത്സ തേടിയത്. 125 പേര്‍ക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 എലിപ്പനി കേസുകളും റിപ്പോര്‍ട്ടു ചെയ്തു. പത്ത് ദിവസത്തിനിടെ 11,462 പേര്‍ക്കാണ് ഡ‍െങ്കിപ്പനി സ്ഥിരീകരിച്ചത്.

അതിനിടെ പനിയുള്ള കുട്ടികളെ മൂന്ന് മുതല്‍ അഞ്ച് വരെ ദിവസം സ്കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടിയുടെ രോഗ വിവരം സ്കൂളില്‍ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെയും അറിയിക്കണം.

ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണമാണെങ്കില്‍ പോലും സ്കൂളില്‍ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്ബോള്‍ മുൻകരുതലെന്ന നിലയില്‍ മാസ്ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകര്‍ച്ചവ്യാധി നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കണം. പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികള്‍/ ജീവനക്കാര്‍/ അധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സ്കൂളില്‍ ഡാറ്റ ബുക്ക് ഏര്‍പ്പെടുത്തണം.

ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്താൻ നിര്‍ദ്ദേശമുണ്ട്. സ്പെഷല്‍ ആരോഗ്യ അസംബ്ലി വെള്ളിയാഴ്ച സ്കൂളുകളില്‍ ചേരാൻ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *