അയോധ്യയിലെ രാമ ക്ഷേത്ര ഉദ്ഘാടന ദിവസമായ ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍.
ദിസ്പൂര്‍: അയോധ്യയിലെ രാമ ക്ഷേത്ര ഉദ്ഘാടന ദിവസമായ ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. മതപരമായ ചടങ്ങുകളോടുള്ള ആദരസൂചകമായാണ് അസം സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയാണ് തീരുമാനം അറിയിച്ചത്.
ഇതേ ദിവസം സംസ്ഥാനത്തുടനീളം മദ്യവില്‍പ്പന നിരോധിക്കും. ജനുവരി 22-ന് ഉച്ചയ്‌ക്ക് 12:29 നും 1:32 നും ഇടയിലാണ് അയോധ്യയില്‍ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരത്തിലുമാണ് രാമ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക എന്‍ഡോവ്മെന്റ് (മുസ്രയ്) മന്ത്രിയുമായ രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു.
ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ അനുമതി നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് (രാജ്യസഭ), കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാരുജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു.