ഗള്‍ഫ് രാജ്യങ്ങളില്‍ താപനില ഉയരുന്നു
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ താപനില ഉയരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യു.എ.ഇയില്‍ ഇത്തവണ ചൂടിന്‍റെ കാഠിന്യം നേരത്തെ എത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ താപനില വ്യത്യസ്ത നിലകളിലാണ് അനുഭവപ്പെട്ടത്.
രണ്ടാഴ്ചയായി പല ഭാഗങ്ങളിലും ക്രമേണ കടുത്തു വന്ന ചൂടില്‍ നാടും നഗരവും വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഉച്ച സമയങ്ങളില്‍ 35 മുതല്‍ 47 ഡിഗ്രി വരെ എത്തി. അല്‍ ഐന്‍, റാസല്‍ഖൈമ, ഫുജൈറ, അബൂദബി അല്‍ ദഫ്‌റ, ഗെവീഫാത്ത് ഭാഗങ്ങളിലാണ് താപനില കൂടുതലായി അനുഭവപ്പെട്ടത്.
അടുത്തമാസം പകുതിയോടെ താപനില കൂടിവരും. ചിലഭാഗങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന പൊടിക്കാറ്റും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. അതേസമയം അടുത്ത ഏതാനും ദിവസങ്ങളില്‍ താപനില ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാപ്രവചനം സൂചിപ്പിക്കുന്നുണ്ട്.
ചൂട് കൂടുന്നതോടെ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനെ പ്രതിരോധിക്കാൻ പുറംതൊഴില്‍ എടുക്കുന്ന തൊഴിലാളികള്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളാണ് ഈ സമയത്ത് കൂടുതല്‍ നല്ലതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.
ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറച്ച് സസ്യാഹാരത്തിന് മുൻഗണന നല്‍കണം. മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപകമായ ചര്‍മരോഗങ്ങളും പിടിപെടുന്നുണ്ട്. ഇവര്‍ ഡോക്ടറുടെ ഉപദേശം തേടണം. പൈപ്പുകളില്‍ ചൂടുവെള്ളം വരുന്നത് ഒഴിവാക്കാൻ നേരത്തെ വെള്ളം സംഭരിച്ചുവെച്ചുവേണം കുളിക്കാൻ.
അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണ്. ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നത് ശരീരത്തിന് ഗുണകരമല്ല.പുറത്തെ വെയിലിന്‍റെ ചൂടും അകത്തെ എ.സിയുടെ കൃത്രിമത്തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാവുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഠിനമായ ചൂടില്‍നിന്ന് നേരെ എ.സിയുടെ തണുപ്പിലേക്ക് വരുമ്ബോഴും വൈറല്‍പനിപോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
ശരീരത്തിന്‍റെ താപം പെട്ടെന്ന് കുറയുന്നതാണ് പ്രധാന കാരണം. ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ ഇതിന് ശമനം ഉണ്ടാവുകയുള്ളൂ. തുടര്‍ച്ചയായി എ.സിയില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്റേതായ ശാരീരികപ്രയാസം അനുഭവപ്പെടുന്നു.
വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജിജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. മൈക്കോപ്ലാസ്മ ഇന്‍ഫെക്ഷന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം വരുമ്ബോള്‍ ചികിത്സതേടണം. എ.സിയുടെ ഫില്‍ട്ടറില്‍നിന്നും വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു പ്രധാന കാരണമാണ്. അതിനാല്‍ എ.സിയുടെ ഫില്‍ട്ടര്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.