മുംബൈ: വൈകീട്ടോടെ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ മുംബൈയിലെ ഘാട്കോപ്പറില്‍ വലിയ നാശനഷ്ടം. പൊടിക്കാറ്റിനിടെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 8 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
പരസ്യ ബോര്‍ഡിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡസന്‍ കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
പെട്രോള്‍ പമ്ബിന് എതിര്‍വശത്തുള്ള പരസ്യബോര്‍ഡാണ് തകര്‍ന്ന് വീണത്. പരസ്യ ബോര്‍ഡിന്റെ മെറ്റല്‍ ഫ്രെയിം പെട്രോള്‍ പമ്ബിലെ വാഹനങ്ങളുടെ റൂഫുകളും തകര്‍ത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ സ്ഥലത്തുണ്ടെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ശക്തമായ പൊടിക്കാറ്റില്‍ മുംബൈയില്‍ പലയിടത്തും ഗതാഗതം മുടങ്ങുകയും മരങ്ങളും മറ്റും വീഴുകയും ചെയ്തു. ഇതോടെ ജില്ലയിലെ പലയിടത്തും വൈദ്യുതി മുടങ്ങുകയും ചെയ്തു. ലോക്കല്‍ ട്രെയിനുകള്‍, മെട്രോ നെറ്റ്വര്‍ക്കിന്റെ ഒരു ഭാഗം, എയര്‍പോര്‍ട്ട് സര്‍വീസുകള്‍ എന്നിവ പ്രതികൂല കാലാവസ്ഥയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം 66 മിനിറ്റോളം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. താനെ, പാല്‍ഘര്‍, മുംബൈ എന്നിവിടങ്ങളില്‍ ഇടിമിന്നലും ഇടത്തരം തീവ്രമായ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പാളത്തില്‍ പരസ്യബോര്‍ഡ് പതിച്ചതിനെ തുടര്‍ന്ന് ആരേയ്ക്കും അന്ധേരി ഈസ്റ്റിനുമിടയില്‍ മെട്രോ ഓടിയില്ല.
ശക്തമായ കാറ്റില്‍ താനെയ്ക്കും മുളുന്ദിനും ഇടയിലുള്ള ഓവര്‍ഹെഡ് ഉപകരണ തൂണ്‍ വളഞ്ഞതിനെ ത്തുടര്‍ന്ന് സബര്‍ബന്‍ ട്രെയിനുകളുടെ ഗതാഗതവും തടസപ്പെട്ടു. പ്രധാന പാതയിലെ സബര്‍ബന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി സെന്‍ട്രല്‍ റെയില്‍വേ മുഖ്യ വക്താവ് അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ മഴ കടുത്ത ചൂടില്‍ നിന്ന് അല്‍പം ആശ്വാസം നല്‍കിയെങ്കിലും താനെയിലെ കല്‍വയിലും മറ്റ് ചില പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.പൊടിക്കാറ്റില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. താനെ, അംബര്‍നാഥ്, ബദ്ലാപൂര്‍, കല്യാണ്‍, ഉല്ലാസ്നഗര്‍ എന്നീ നഗരങ്ങളില്‍ മിതമായ മഴ ലഭിച്ചു. ജോഗേശ്വരിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണു. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.