ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

August 25, 2021
224
Views

കണ്ണൂർ: യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് സമർപ്പിച്ച ഹർജി തള്ളിയത്.

കണ്ണൂർ ആർ.ടി. ഓഫീസിൽ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ ഒരുദിവസം ജയിലിൽകഴിഞ്ഞ പ്രതികൾക്ക് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചിരുന്നത്.

വ്ളോഗർമാരായ എബിനെയും ലിബിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം ചെയ്തതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിലെ വ്ളോഗർമാരായ എബിനും ലിബിനും കണ്ണൂർ ആർ.ടി. ഓഫീസിൽ അതിക്രമം കാണിച്ചത്. രൂപമാറ്റം വരുത്തിയതിന് ഇവരുടെ ‘നെപ്പോളിയൻ’ എന്ന് പേരിട്ട ടെംമ്പോ ട്രാവലർ വാഹനം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആർ.ടി. ഓഫീസിലെത്തിയ ഇരുവരും ഉദ്യോഗസ്ഥർക്ക് നേരേ തട്ടിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇവരുടെ ആരാധകരും സംഭവസമയം ആർ.ടി. ഓഫീസിൽ തടിച്ചുകൂടി. തുടർന്ന് പോലീസെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ഇവരുടെ ആരാധകർ നടത്തിയ പ്രതികരണങ്ങളും ഏറെ ചർച്ചയായിരുന്നു. അസഭ്യമായരീതിയിൽ പ്രതികരിച്ചതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *