കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഈ വര്‍ഷത്തെ കാലാവസ്ഥ ഉച്ചകോടി (കോപ്28)യുടെ കൗണ്‍ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഈ വര്‍ഷത്തെ കാലാവസ്ഥ ഉച്ചകോടി (കോപ്28)യുടെ കൗണ്‍ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുന്നത്. ലോക നേതാക്കള്‍, മന്ത്രിമാര്‍, ആഗോള കാലാവസ്ഥ മാറ്റത്തിനെതിരായ മുൻനിര പോരാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി 7,0000 പ്രതിനിധികള്‍ 12 ദിവസങ്ങളിലായി ദുബൈ എക്സപോ സിറ്റിയില്‍ ഒരുമിച്ചു കൂടും. ഭാവി തലമുറക്കു വേണ്ടി ഭൂമിയെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള നടപടികള്‍ അന്താരാഷ്ട്ര സമൂഹം ഇവിടെ ചര്‍ച്ച ചെയ്യും. ഈ അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങിയ നൂറ്റാണ്ടിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. കോവിഡ് മഹാമാരിയും അടിക്കടിയുണ്ടായ വൻ പ്രളയവും മനുഷ്യരാശിയെ അത്രമേല്‍ പിടിച്ചുലച്ചിട്ടുണ്ട്. പ്രകൃതിയെ ഇനിയും സംരക്ഷിച്ച് നിര്‍ത്താനായില്ലെങ്കില്‍ വരും തലമുറകള്‍ക്ക് ഇവിടം വാസയോഗ്യമല്ലാതാകുമെന്ന തിരിച്ചറിവിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നു. കാണ്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ ആഗോള താപനത്തിന് ആക്കം കൂട്ടുന്ന മീഥേയ്ൻ വാതകത്തിന്‍റെ സാന്ദ്രത യു.എ.ഇയുടെ അന്തരീക്ഷത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി നടത്തിയ സാറ്റലൈറ്റ് പഠനത്തില്‍ നിന്ന് വ്യക്തമായത്. ഭൂമിയുടെ അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്നതില്‍ കാര്‍ബണ്‍ഡൈഓക്സൈഡിനേക്കാള്‍ 86 മടങ്ങ് ശക്തമാണ് മീഥേയ്ൻ വാതകമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഈ ഒരു പശ്ചാത്തലത്തിലാണ് ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) വീണ്ടും ചര്‍ച്ചയാവുന്നത്.
ഈജിപ്തിലെ ഷാം അല്‍ ശൈഖിലായിരുന്നു 2022ലെ കാലാവസ്ഥ ഉച്ചകോടി (കോപ് 27) നടന്നത്. സുപ്രധാനമായ ഒരു തീരുമാനം അന്ന് ലോക രാജ്യങ്ങള്‍ കൈകൊണ്ടിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീരുമാനം. ഇതിനായി ലോസ് ആൻഡ് ഡാമേജ് ഫണ്ട് രൂപവത്കരിക്കാൻ ലോക രാജ്യങ്ങള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആര് ആര്‍ക്ക് പണം നല്‍കണമെന്ന കാര്യത്തില്‍ ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ലെന്നതാണ് ആശങ്കയുണര്‍ത്തുന്ന കാര്യം. അന്തരീക്ഷത്തിന് ദോഷകരമായ താപ പുറന്തള്ളല്‍ കുറയ്ക്കുന്നതിലും കാലാവസ്ഥാ ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിലും വികസിത രാജ്യങ്ങള്‍ ഒരടിപോലും മുന്നോട്ടുപോയിട്ടില്ലെന്നതും ആശങ്കയേറ്റുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ പത്തു വര്‍ഷങ്ങള്‍ക്ക് മുമ്ബ് വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമായ 100 ശതകോടി ഡോളര്‍ ഉറപ്പുവരുത്താൻ നടപടിവേണമെന്ന മുറവിളിയും ഒരുഭാഗത്ത് ശക്തമാണ്. ആഗോള താപ നില കുറക്കുന്നതിനായി കോപ് 21ന്‍റെ ഭാഗമായിരുന്ന പാരിസ് ഉടമ്ബടിയില്‍ എടുത്ത തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വ്യവസായ വിപ്ലവത്തിന് മുമ്ബുണ്ടായിരുന്ന താപനിലയായ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ഉയരാതെ നിലനിര്‍ത്തണമെന്നായിരുന്നു അന്നെടുത്ത തീരുമാനം. മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങള്‍ സമുദ്രങ്ങളുടെ താപ നില ഉയരുന്നതിലേക്ക് നയിക്കുകയും അതോടൊപ്പം മഞ്ഞു മലകള്‍ ഉരുകുന്നതിനും സമുദ്ര നിരപ്പ് ഉയരുന്നതിനും കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കാൻ ലോക രാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചു ആഗോള താപ നില ഈ നൂറ്റാണ്ടില്‍ രണ്ട് ഡിഗ്രിക്ക് മുകളില്‍ ഉയരാതെ സംരക്ഷിക്കണമെന്നായിരുന്നു പാരിസ് ഉടമ്ബടിയുടെ പ്രധാന ലക്ഷ്യം. ഇതു എത്രമാത്രം പാലിക്കപ്പെട്ടുവെന്നത് കോപ് 28ല്‍ ചര്‍ച്ചയാവും.
യു.എ.ഇയുടെ വ്യവസായ, നൂതന സാങ്കേതിക വിദ്യ മന്ത്രി ഡോ. സുല്‍ത്താൻ അല്‍ ജാബിറിനെയാണ് കോപ്28ന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരിക്കുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം ചുക്കാൻ വഹിക്കുന്നത്. വരും തലമുറക്കായി പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2023നെ സുസ്ഥിരത വര്‍ഷമായി പ്രഖ്യാപിച്ച വര്‍ഷം തന്നെയാണ് ആഗോള കാലാവസ്ഥ ഉച്ചകോടിയും കടന്നുവരുന്നത്. ഭൂമിക്ക് തണലൊരുക്കാൻ സമഗ്രവും കാര്യക്ഷമവുമായ നടപടികള്‍ ഈ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിന് ചുക്കാൻ പിടിക്കാൻ പ്രകൃതി സൗഹൃദ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന യു.എ.ഇക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.