ഇ.ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സ്വയം വിരമിച്ചു; ബിജെപി സ്ഥാനാര്‍ഥിയായേക്കും

February 1, 2022
77
Views

ന്യൂ ഡെൽഹി: ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപുരിലെ ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

2 G സ്പെക്ട്രം, അഗസ്താവെസ്റ്റ്ലാൻഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ. സ്വമേധയാ വിരമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്ത്തി രാജേശ്വർ ട്വിറ്റ് ചെയ്തു.

നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും രാജേശ്വർ സിങ് പറഞ്ഞു. ഉത്തർപ്രദേശ് പോലീസിൽ പ്രവർത്തിക്കുന്ന കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ നീതി നടപ്പാക്കുന്ന എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇ.ഡിയിൽ പ്രവർത്തിക്കുന്ന കാലത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പല അഴിമതിക്കാരേയും അഴിക്കുള്ളിലാക്കാൻ കഴിഞ്ഞുവെന്നും രാജേശ്വർ സിങ് വ്യക്തമാക്കി. അതേസമയം ഇ.ഡിയിൽ നിന്ന് വിരമിച്ച് ബിജെപിയിൽ ചേരുന്നത് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന് രാജേശ്വർ സിങ്ങിന്റെ പേരെടുത്ത് പറയാതെ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എം.പി വിമർശിച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *