അഞ്ജനയും അബ്ദുര്‍ റഹ് മാനും പ്രണയത്തിലായിരുന്നു; 3 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതകളില്ലെന്ന് സുഹൃത്ത് സല്‍മാന്‍

November 22, 2021
171
Views

 മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ കൊച്ചിയിലെ അപകടത്തില്‍ ദുരൂഹതകളില്ലെന്ന് സുഹൃത്തും ഫാഷന്‍ മോഡലുമായ ഇ ഡി സല്‍മാന്‍.സുഹൃത്തുക്കളുടെ അപകട മരണത്തെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു സല്‍മാന്‍.
തങ്ങള്‍ അഞ്ചുപേരാണ് സുഹൃത്ത് സംഘത്തിലുണ്ടായിരുന്നതെന്നും ഇതില്‍ മൂന്നുപേരെ നഷ്ടമായെന്നും വേദനയോടെ സല്‍മാന്‍ പറഞ്ഞു. അഞ്ചുപേരാണെങ്കിലും തങ്ങള്‍ക്ക് ഒരു മനസാണെന്നും സല്‍മാന്‍ പറഞ്ഞു. അപകടത്തിനിടയായ വാഹനം സല്‍മാന്റേതായിരുന്നു.

അബ്ദുര്‍ റഹ് മാനും ആശിഖും സല്‍മാനും തൃശൂരിലെ കോളജില്‍ ഒരുമിച്ച്‌ പഠിച്ചതാണ്. അന്ന് തൊട്ടുള്ള ബന്ധമാണ് മൂന്നുപേരുടേയും. അപകടം നടന്ന ദിവസം സല്‍മാനും ഇവര്‍ക്കൊപ്പം നമ്ബര്‍ 18-ലെ പാര്‍ടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കണ്ണൂരില്‍ ഷൂടിങ്ങുള്ളതിനാല്‍ തന്റെ വാഹനം സുഹൃത്തുക്കളെ ഏല്‍പിച്ച്‌ മടങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഉറ്റസുഹൃത്തുക്കളുടെ അപകടവിവരം സല്‍മാന്‍ അറിയുന്നത്.

ഉറ്റസുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ കഴിഞ്ഞ കുറേ മാസങ്ങളായി പരസ്പരം കണ്ടിരുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു. അബ്ദുര്‍ റഹ് മാന്‍ വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലുമായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്ബ് സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഹോടെലില്‍ എത്തിയത്.

എന്നാല്‍ കണ്ണൂരില്‍ ഷൂടിങ്ങുണ്ടായതിനാല്‍ എനിക്ക് അവര്‍ക്കൊപ്പം ചേരാനായില്ല. വാഹനം അവര്‍ക്ക് കൈമാറിയശേഷം ഞാന്‍ കണ്ണൂരിലേക്ക് പോയി. ഇതിനിടെ, അവരെ ഫോണില്‍ ബന്ധപ്പെടുകയും ഹോടെലിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

നമ്ബര്‍ 18 ഹോടെലുടമ റോയി വയലാട്ടിനെ ഞങ്ങള്‍ക്കെല്ലാം അറിയാം. അദ്ദേഹം ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. അന്നേദിവസം അവരെല്ലാം അതീവസന്തോഷത്തിലായിരുന്നു. ആ ഒത്തുചേരലില്‍ അവര്‍ എന്നെ മിസ് ചെയ്തിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

ഫാഷന്‍ മോഡലായ സല്‍മാന്‍ 2017-ല്‍ കോഴിക്കോട് നടന്ന മിസ് മലബാര്‍ മത്സരത്തിനിടെയാണ് അന്‍സിയെ പരിചയപ്പെടുന്നത്. അതേവേദിയില്‍ നടന്ന മിസ്റ്റര്‍ കേരള മത്സരത്തില്‍ മിസ്റ്റര്‍ പേഴ്സണാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത് സല്‍മാനായിരുന്നു. ഇതാണ് ഇരുവരുടെയും പരിചയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് അന്‍സി വഴി അഞ്ജനയെയും പരിചയപ്പെട്ടു.

സല്‍മാനാണ് തന്റെ സുഹൃത്തുക്കളായ ആശിഖിനെയും അബ്ദുര്‍ റഹ്മാനെയും യുവതികള്‍ക്ക് പരിചയപ്പെടുത്തിയത്. സ്റ്റോക് മാര്‍കെറ്റ് ബിസിനസിലടക്കം സജീവമായിരുന്നു അബ്ദുര്‍ റഹ്മാന്‍. അപകടത്തില്‍ മരിച്ച ആശിഖ് മസ്‌കെറ്റിലെ സ്വകാര്യസ്ഥാപനത്തില്‍ അകൗണ്ടന്റായിരുന്നു. എന്നാല്‍ കോവിഡ് കാരണം ആശിഖിന് മസ്‌കെറ്റിലേക്ക് തിരികെപോകാനായില്ല.

തുടര്‍ന്ന് പൂനെയിലെ ഒരുസ്ഥാപനത്തില്‍ ജോലിക്ക് കയറി. ഇതോടെ ഇവര്‍ അഞ്ചുപേരും സുഹൃത്ത് സംഘമായി മാറി. അഞ്ജനയും അബ്ദുര്‍ റഹ്മാനും ഇതിനിടെ പ്രണയത്തിലായെന്നും ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സല്‍മാന്‍ വെളിപ്പെടുത്തി. പക്ഷേ, വിധി മറ്റൊന്നാവുകയായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

സംഭവദിവസം രാത്രി 11 മണിയോടെ അന്‍സി സല്‍മാനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സൈജു ഇവരെ പിന്നീട് പിന്തുടര്‍ന്നതെന്ന് അറിയില്ലെന്നും സല്‍മാന്‍ പ്രതികരിച്ചു.

‘കുണ്ടന്നൂരില്‍വെച്ച്‌ വാഹനം തട്ടിയപ്പോള്‍ സൈജു അവിടെ എത്തുകയും രാത്രി തങ്ങാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ അവര്‍ അത് നിരസിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സൈജു അവരുടെ കാര്യത്തില്‍ ഇത്രയധികം താത്പര്യം കാണിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ അവരെ ഉപദ്രവിക്കാനോ മറ്റോ ലക്ഷ്യമിട്ടാണ് സൈജു അങ്ങനെ പെരുമാറിയതെന്ന് കരുതുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു.

അപകടം നടക്കുമ്ബോള്‍ അദ്ദേഹം അല്പം ദൂരെയായിരുന്നു. അപകടത്തിന് ശേഷം അബ്ദുര്‍ റഹ് മാനുമായി ഞാന്‍ സംസാരിച്ചിരുന്നു. അപകടത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്നും ഹോടെലുടമയ്ക്കോ സൈജുവിനോ ഒരു പങ്കുമില്ലെന്നുമാണ് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞത്. ബൈക് യാത്രക്കാരന്‍ ഇന്‍ഡികേറ്റര്‍ ഇടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടം സംഭവിക്കാനിടയാക്കിയത്. ബൈക് യാത്രക്കാരനെ രക്ഷിക്കാനായി അബ്ദുര്‍ റഹ് മാന്‍ വാഹനം ഇടത്തോട്ട് വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ഇതാണ് അന്ന് സംഭവിച്ചത്’ എന്നും സല്‍മാന്‍ പറയുന്നു.

നമ്ബര്‍ 18 ഹോടെലില്‍ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ റിപോര്‍ടുകളാണ് പുറത്തുവരുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ‘യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത റിപോര്‍ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത്തരം റിപോര്‍ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്ബ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണം. ഉറ്റസുഹൃത്തുക്കളുടെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് ഞങ്ങള്‍. ഇതിനെല്ലാം പുറമേ ഉറ്റസുഹൃത്തുക്കളുടെ മരണത്തിന് കാരണമായ അപകടത്തില്‍ അബ്ദു നിയമനടപടികളും നേരിടുകയാണ് എന്നും സല്‍മാന്‍ പറഞ്ഞു.
മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് അബ്ദുര്‍ റഹ് മാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. റിമാന്‍ഡിലായിരുന്ന ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്ബാണ് ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *