ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് ഇ.ഡിയുടെ അന്ത്യശാസന

March 28, 2024
1
Views

മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് കാണിച്ച്‌ വീണ്ടും ഇ.ഡിയുടെ സമൻസ്.

പത്തനംതിട്ട: മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് കാണിച്ച്‌ വീണ്ടും ഇ.ഡിയുടെ സമൻസ്.

മുൻപ് ആറ് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. അന്ത്യശാസന നോട്ടിസ് ലഭിച്ചെന്ന് തോമസ് ഐസക് പ്രതികരിച്ചു. തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് തോമസ് ഐസകിെൻറ തീരുമാനം. കോടതിയില്‍ ഇരിക്കുന്ന കേസില്‍ കൂടുതല്‍ പറയുന്നില്ലെന്നും ഐസക് പറഞ്ഞു.

ഇ.ഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം ആരോപിച്ചു.കേസ് കോടതിയിലാണ്. കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും.ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ഡല്‍ഹിയില്‍ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്‍റെ പിന്നാലെ ഇ.ഡി വരുന്നതെന്നാണിന്നലെ തോമസ് ഐസക് പ്രതികരിച്ചത്. മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ ഇ.ഡി സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇ.ഡി നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്കു മുൻപില്‍ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകണമെങ്കില്‍ ഐസക്കിന്‍റെ മൊഴിയെടുക്കണമെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *