പാകിസ്താനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ചീഫ് ജസ്റ്റിസിനും അട്ടിമറിയില്‍ പങ്കുണ്ടെന്നുമുള്ള ആരോപണവുമായി സർക്കാർ ഉദ്യോഗസ്ഥൻ.
ഇസ്ലാമാബാദ്: പാകിസ്താനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ചീഫ് ജസ്റ്റിസിനും അട്ടിമറിയില്‍ പങ്കുണ്ടെന്നുമുള്ള ആരോപണവുമായി സർക്കാർ ഉദ്യോഗസ്ഥൻ.
ഈ തെറ്റുകളുടെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്നും റാവല്‍പിണ്ടി മുൻ കമ്മീഷണർ ലിയാഖത്ത് അലി ചട്ട പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് പരാമർശം.
തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാർത്ഥികളില്‍ പലരേയും വിജയികളായി പ്രഖ്യാപിക്കാൻ ശ്രമം നടന്നതായി അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ” ഈ ക്രമക്കേടുകളുടെ എല്ലാം ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ചീഫ് ജസ്റ്റിസിനും ഈ തിരിമറികളില്‍ പങ്കുണ്ട്. ഞാൻ ചെയ്ത ഈ അനീതിക്ക് എനിക്ക് ശിക്ഷ ലഭിക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ തെറ്റില്‍ പങ്കാളികളായ മറ്റ് ആളുകളും ശിക്ഷിക്കപ്പെടണം. രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിക്കൊണ്ട് മുന്നോട്ട് പോകുന്നത് തനിക്ക് സാധിക്കില്ല.
രാജ്യത്തിന് മുന്നില്‍ ഇത് പലതവണ തുറന്ന് പറയാൻ ആഗ്രഹിച്ചതാണ്. എന്നാല്‍ അത് ചെയ്യാതിരിക്കാൻ വലിയ സമ്മർദ്ദം എനിക്ക് മേലുണ്ടായി. രാഷ്ട്രീയക്കാർക്ക് വേണ്ടി നിങ്ങള്‍ തെറ്റുകള്‍ ചെയ്ത് കൂട്ടരുതെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ഇരിക്കുന്ന ഓരോ വ്യക്തികളോടും അഭ്യർത്ഥിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ലിയാഖത്ത് ഉന്നയിച്ച ആരോപണങ്ങള്‍ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റങ്ങള്‍ വരുത്താൻ ഒരു ഉദ്യോഗസ്ഥന് സാധിക്കില്ലെന്നും, ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാൻ ലിയാഖത്തിന് സാധിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.