തിരഞ്ഞെടുപ്പിന് ശേഷം ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കൊടുവില്‍ സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ച് പാകിസ്താൻ പീപ്പിള്‍സ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും.
ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് ശേഷം ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കൊടുവില്‍ സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ച് പാകിസ്താൻ പീപ്പിള്‍സ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും.
സ്ഥാനങ്ങള്‍ സംബന്ധിച്ച് ഉള്‍പ്പെടെ ധാരണയില്‍ എത്തിയതായി പാർട്ടി നേതൃത്വം അറിയിച്ചു. പിഎംഎല്‍ എൻ പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പിപിപി ചെയർമാൻ ബിലാവല്‍ ഭൂട്ടോ സർദാരി വ്യക്തമാക്കി.
പിപിപി കോ ചെയർമാൻ ആസിഫ് സർദാരി പാകിസ്താന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കും. ഇന്നലെ രാത്രി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ” സഖ്യ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ അംഗങ്ങള്‍ തികഞ്ഞ് കഴിഞ്ഞു. പാകിസ്താൻ പീപ്പിള്‍സ് പാർട്ടിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസും പാകിസ്താന് വേണ്ടി ചേർന്ന് പ്രവർത്തിക്കും. യോജിച്ച് മുന്നോട്ട് പോകാൻ ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നും” നേതാക്കള്‍ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സഖ്യമാണ് ഏറ്റവും അധികം സീറ്റുകള്‍ നേടിയത്. എന്നാല്‍ കേവല ഭൂരിപക്ഷം നേടാൻ ഇവർക്ക് സാധിക്കാത്തതിനെ തുടർന്നാണ് പിപിപിയും പിഎംഎല്‍ എന്നും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചത്. പിഎംഎല്‍ എൻ 75 സീറ്റുകളും പിപിപി 54 സീറ്റുകളുമാണ് നേടിയത്. 17 സീറ്റുകള്‍ നേടിയ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താൻ എന്ന പാർട്ടിയും സഖ്യ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.