‘ജീവനുണ്ടെങ്കിലേ ലോകമുണ്ടാവൂ’; യുപി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

December 24, 2021
127
Views

ലഖ്‌നോ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.

ഒന്നോ രണ്ടോ മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് പരിഗണിക്കണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. ‘ജീവനുണ്ടെങ്കിലെ ലോകമുള്ളൂ’ എന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളും രാഷ്ട്രീയ സമ്മേളനങ്ങളും നിരോധിക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകളെല്ലാം നിരോധിക്കണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ടിവിയിലൂടെയും പത്രങ്ങളിലൂടെയും പ്രചാരണം നടത്താം.

യുപിയില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളും റാലികളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോടും കോടതി ആവശ്യപ്പെട്ടു. ഒരു കേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ യാദവാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ‘റാലികള്‍ നിര്‍ത്തിയില്ലെങ്കില്‍, ഫലം രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കും, ‘ജീവനുണ്ടെങ്കില്‍ മാത്രമേ, നമുക്ക് ലോകമുള്ളൂ’- ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ദിവസേന നൂറുകണക്കിന് കേസുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ കോടതിയില്‍ പതിവായി തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അവിടെ തടിച്ചുകൂടിയ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. കൊവിഡ് കേസുകളുടെ എണ്ണത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളെക്കുറിച്ചും അദ്ദേഹം വാര്‍ത്താ റിപോര്‍ട്ടുകള്‍ ഉദ്ധരിച്ചു. ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. ഇത് നിരവധി മരണങ്ങള്‍ക്കും കാരണമായി. വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയാണെന്നും ഇത്തരം സംഭവങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് അസാധ്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികളെ ദൂരദര്‍ശനിലൂടെയോ പത്രങ്ങളിലൂടെയോ പ്രചാരണത്തിന് നിര്‍ദേശിക്കണമെന്നും ജഡ്ജി യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉദ്ധരിച്ച്‌ അദ്ദേഹം പറഞ്ഞു. പൊതുതിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുമുള്ള തിരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശിലേത്. സംസ്ഥാനത്തെ വിവിധ റാലികളില്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന സ്റ്റാര്‍ പ്രചാരകരുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വലിയ തിരഞ്ഞെടുപ്പ് മുന്നേറ്റം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായിരിക്കുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *