വാട്സാപ്പിലൂടെ പ്രചരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ വികസിത് ഭാരത് സന്ദേശം നിര്‍ത്തിവെക്കാൻ നിര്‍ദ്ദേശം നല്‍കി ഇലക്ഷൻ കമ്മീഷൻ

March 21, 2024
41
Views

വാട്സാപ്പിലൂടെ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കി.

വാട്സാപ്പിലൂടെ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കി.

വികസിത് ഭാരത് സമ്ബർക്ക് എന്ന അക്കൗണ്ടിലൂടെ കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നും വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. മാർച്ച്‌ 16ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ മാതൃകാ പെരുമാറ്റ ചട്ടങ്ങളും നിലവില്‍ വന്നിട്ടുണ്ട്. പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ വികസിത് ഭാരത് സന്ദേശം വാട്സ്‌ആപ്പ് വഴി പ്രചരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.

മാർച്ച്‌ 18ന് വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് വികസിത് ഭാരത് സമ്ബർക്ക് എന്ന അക്കൗണ്ടില്‍ നിന്ന് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടി അന്നുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നല്‍കുകയും ചെയ്തിരുന്നു.

വികസിത് ഭാരത് സമ്ബർക്ക് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച സന്ദേശത്തില്‍ കേന്ദ്രസർക്കാറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇത് കേന്ദ്രസർക്കാറിന്റെ രാഷ്‌ട്രീയ അജണ്ടയാണെന്നും രാജ്യത്തെ പൗരന്മാരുടെ മൊബൈല്‍ നമ്ബറുകള്‍ എങ്ങനെയാണ് സർക്കാരിന് ലഭിച്ചത് എന്നും രാഷ്‌ട്രീയ പാർട്ടികള്‍ ചോദിച്ചിരുന്നു.

സർക്കാരിന്റെ ഡേറ്റാബേസ് ദുരുപയോഗം ചെയ്ത് ഉപയോഗിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഷ്‌ട്രീയ അജണ്ടകള്‍ക്കായി രാഷ്‌ട്രീയപാർട്ടികള്‍ക്കോ സ്ഥാനാർത്ഥികള്‍ക്കോ വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ പാടില്ലെന്ന് വാട്സ്‌ആപ്പ് പോളിസി നിലവിലുണ്ട്. ഇത്തരത്തില്‍ വാട്സാപ്പിലൂടെയുള്ള സന്ദേശം ഇന്ത്യക്കാർക്ക് പുറമേ വിദേശ പൗരന്മാർക്കും ലഭിച്ചതായും റിപ്പോർട്ടുകള്‍ ഉണ്ട്. ഈ ഘട്ടത്തിലാണ് ഇലക്ഷൻ കമ്മീഷൻ വിഷയത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *