ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. 543 മണ്ഡലങ്ങളിലെ വിധി നാളെ രാവിലെ എട്ട് മണിമുതല്‍ അറിയാം.
ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും. ഏഴ് ഘട്ടങ്ങളിലായി മൂന്ന് മാസം നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോദി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമോ, അതോ ഇൻഡ്യാ സഖ്യം അട്ടിമറി വിജയം നേടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂർത്തിയായതായും പ്രശ്‌നബാധിത സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത്. എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.