റെസ്റ്ററന്‍റുകളില്‍ ചാര്‍ജിങ് സ്റ്റേഷൻ പദ്ധതിയുമായി അനര്‍ട്ട്

September 11, 2023
45
Views

റോഡരികിലെ റെസ്റ്റോറന്‍റുകളില്‍ ഇലക്‌ട്രിപ് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷൻ ആരംഭിക്കാനുള്ള പദ്ധയിയുമായി അനര്‍ട്ട്.

കൊച്ചി: റോഡരികിലെ റെസ്റ്റോറന്‍റുകളില്‍ ഇലക്‌ട്രിപ് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷൻ ആരംഭിക്കാനുള്ള പദ്ധയിയുമായി അനര്‍ട്ട്.

ഇതിനായുള്ള സാമ്ബത്തികസഹായം അനര്‍ട്ട് നല്‍കും. റെസ്റ്റോറന്‍റിനോട് ചേര്‍ന്ന് 1000 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലം പദ്ധതിക്കുവേണ്ടി ആവശ്യമുണ്ട്. യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്ന സമയംകൊണ്ട് ഇലക്‌ട്രിക് വാഹനം ചാര്‍ജ് ചെയ്യാനാകുമെന്നതാണ് ഈ പദ്ധതിയുടെ ഗുണമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

സ്വകാര്യവ്യക്തികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ റെസ്റ്റോറന്‍റിനോട് ചേര്‍ന്ന് ചാര്‍ജിങ് സ്റ്റേഷൻ തുടങ്ങാം. 30 മുതല്‍ 120 കിലോ വാട്ട് ശേഷിയുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കാനാകുക. വലിയ യന്ത്രസാമഗ്രികള്‍ക്ക് മൂന്ന് ലക്ഷം രൂപയും ചെറുതിന് 30000 രൂപയും ചെലവ് വരും. യന്ത്രഭാഗങ്ങളുടെ വിലയടെ 25 ശതമാനം അനര്‍ട്ട് സബ്സിഡിയായി നല്‍കും.

60 കിലോവാട്ട് ശേഷിയുള്ള ചാര്‍ജിങ് സ്റ്റേഷനില്‍ ഒരേസമയം രണ്ട് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് പോയിന്‍റ് നല്‍കാം. അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ സമയത്തിനുള്ളില്‍ വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാൻ ഏകദേശം 20 യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരിക. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയുമാണ് വില.

സംസ്ഥാനത്ത് ഇതിനോടകം അനര്‍ട്ടിന്‍റെ സഹായത്തോടെ 33 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുകയാണ് അനര്‍ട്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആകെ 1500ഓളം ചാര്‍ജിങ് സ്റ്റേഷനുകള്‍ നിലവിലുണ്ട്. ഇതില്‍ 70 ശതമാനവും കെഎസ്‌ഇബിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഇലക്‌ട്രിക് വാഹന ചാര്‍ജിങ്ങിന് കെഎസ്‌ഇബിയുടെ ആപ്പ്

സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങിനായി കെഎസ്‌ഇബി പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കും. ‘കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷൻ’ ഈ മാസം അവസാനം പുറത്തിറക്കും. ചാര്‍ജിങ് സ്റ്റേഷൻ കണ്ടെത്താനും, ചാര്‍ജിങ് ബില്‍ അറിയാനും പുതിയ ആപ്ലിക്കേഷൻ സഹായകരമാകും. ഇപ്പോള്‍ സ്വകാര്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. ചാര്‍ജ് മോഡ്, ടയര്‍ എക്സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. കെഎസ്‌ഇബി ആപ്പ് പുറത്തിറങ്ങുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാവും. ഫാസ്റ്റ് ടാഗ് മാതൃകയില്‍ ആപില്‍ മുൻകൂറായി പണമടച്ച്‌ സ്റ്റേഷനുകളിലെത്തി ചാര്‍ജ് ചെയ്യാം. എല്ലാ സ്റ്റേഷനിലും വാഹന ഉടമകള്‍ സ്വന്തമായാണ് ചാര്‍ജ് ചെയ്യേണ്ടത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *