ബേലൂർ മഖ്ന വയനാട്ടിലെ ജനവാസ മേഖലയില്‍ തിരിച്ചെത്തി.
വയനാട്: ബേലൂർ മഖ്ന വയനാട്ടിലെ ജനവാസ മേഖലയില്‍ തിരിച്ചെത്തി. കബനി പുഴ കടന്ന് പെരിക്കല്ലൂരിലാണ് ആന എത്തിയത്.
ഇതേതുടർന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് നിവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നല്കി.
കഴിഞ്ഞ രണ്ടുദിവസമായി കർണാടക കാടുകളിലായിരുന്നു ആന. അതേസമയം, ആനയെ പിടികൂടാൻ സർവസന്നഹങ്ങളുമായി വനംവകുപ്പ് തയാറായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടികുളം-ബാവലി റോഡിന്റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍ കാട്ടാന കാടിറങ്ങാതിരുന്നത് സംഘത്തെ വലച്ചു. ഇതിനിടെയാണ് ആന വീണ്ടും ജനവാസ മേഖലയില്‍ എത്തിയിരിക്കുന്നത്.
റോഡിയോ കോളർ സിഗ്നലുകള്‍ അടിസ്ഥാനമാക്കിയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നത്. ഫെബ്രുവരി 11-നാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. പത്ത് ദിവസം പിന്നിട്ടിട്ടും ആനയെ പിടികൂടാൻ സാധിക്കാത്തത് വിമർശനം ഉയർത്തുന്നുണ്ട്.