ഇംഗ്ലീഷ് ചാനലിലൂടെ ഇംഗ്ലണ്ടിലേക്ക് പോകാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി: 31 പേര്‍ മരിച്ചു

November 25, 2021
240
Views

ലണ്ടന്‍: അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് ഇംഗ്ലീഷ് ചാനലില്‍ മുങ്ങി 31 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖമായ കാലെസില്‍ നിന്ന് നിന്ന് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടത്. ഇംഗ്ലീഷ് ചാനലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി ദുരന്തങ്ങളിലൊന്നാണിത്.

560 കിലോമീറ്റര്‍ നീളമുള്ള ഇംഗ്ലീഷ് ചാനല്‍ ബ്രിട്ടനേയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന സമുദ്രഭാഗമാണ്. ഇംഗ്ലീഷ് ചാനലിനെ ശവപ്പറമ്പാകാന്‍ അനുവദിക്കില്ലെന്നും മനുഷ്യക്കടത്തു സംഘങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. യുദ്ധവും പട്ടിണിയും ശക്തമായ രാജ്യങ്ങളില്‍നിന്ന് ആളുകളെ വാഗ്ദാനങ്ങള്‍ നല്‍കി യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാണ്.

ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്ടറുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മത്സ്യബന്ധന ബോട്ടുകാര്‍ അപകട വിവരം അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 31 പേര്‍ മരിച്ചതായി കണ്ടെത്തി. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി കൃത്യമായ വിവരമില്ല.

കൊടും തണുപ്പ് കാലമായിട്ടും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ബ്രിട്ടനില്‍ അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റിനായി ക്യാമ്പുകളില്‍ കഴിയുന്നത്. അഫ്ഗാനിസ്ഥാന്‍, സിറിയ, തുര്‍ക്കി, ഇറാഖ്, യെമന്‍, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ആയിരങ്ങള്‍ എത്തുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *