മകരവിളക്ക്‌ ദിവസം പമ്ബയില്‍നിന്ന്‌ പ്രവേശനം 11.30 വരെ

January 14, 2024
33
Views

ശബരിമല: സന്നിധാനവും പരിസരങ്ങളും മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങളില്‍.

ശബരിമല: സന്നിധാനവും പരിസരങ്ങളും മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങളില്‍. മകരവിളക്ക്‌ ദിവസം 1.50 മുതല്‍ രണ്ടു ലക്ഷം പേരെയാണ്‌ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്‌.

തിരക്ക്‌ നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌.
നിലവിലുള്ള 2500 പോലീസുകാര്‍ക്ക്‌ പുറമേ 250 ഉദ്യോഗസ്‌ഥര്‍ കൂടി മകരവിളക്ക്‌ സമയത്ത്‌ സന്നിധാനത്തുണ്ടാകും. അതിന്‌ പുറമേ 125 പേരടങ്ങുന്ന ബോംബ്‌ സ്‌ക്വാഡും റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്‌സും എന്‍.ഡി.ആര്‍.എഫ്‌ സംഘവും പോലീസ്‌ കമാന്‍ഡോകളും സുരക്ഷയുറപ്പാക്കാന്‍ രംഗത്തുണ്ടാകും. മകരവിളക്ക്‌ സമയത്ത്‌ രണ്ട്‌ ഷിഫ്‌റ്റുകളിലുമുള്ള പോലീസ്‌ സേന ഡ്യൂട്ടിയിലുണ്ടാകും. മകരവിളക്ക്‌ ദിവസമായ 15 ന്‌ രാവിലെ 11.30 ന്‌ ശേഷം പമ്ബയില്‍ നിന്ന്‌ സന്നിധാനത്തേക്ക്‌ ഭക്‌തരെ കയറ്റിവിടില്ല. വനാതിര്‍ത്തികളിലും വനപ്രദേശത്തും സംയുക്‌ത പരിശോധനകള്‍ ശക്‌തമാക്കും. എല്ലാ പോയിന്റുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും. മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ സംയുക്‌ത പരിശോധന ദേവസ്വം സ്‌പെഷല്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്ന്‌ വൈകിട്ട്‌ നടക്കും.

നിര്‍ദേശങ്ങള്‍
ഭക്‌തര്‍ അനുവദനീയമായ സ്‌ഥലങ്ങളില്‍ മാത്രം തമ്ബടിക്കുക
ഒരു കാരണവശാലും തമ്ബടിക്കുന്ന സ്‌ഥലങ്ങളില്‍ പാചകം ചെയ്യുകയോ തീ കത്തിക്കുകയോ പാടില്ല
അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നത്‌ അപകടം വിളിച്ചു വരുത്തും.
മരക്കമ്ബുകള്‍ വെട്ടുകയോ മരങ്ങളില്‍ കയറുകയോ ചെയ്യരുത്‌
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാമഗ്രികളുമായി എത്തുന്നത്‌ കര്‍ശനമായി തടയും.
സന്നിധാനത്തെ ബന്ധപ്പെട്ട സ്‌ഥലങ്ങളിലെയും കടകളില്‍ പാചകം ചെയ്യാന്‍ ഉതകുന്ന പാത്രങ്ങള്‍ വില്‍ക്കരുത്‌
മകരവിളക്ക്‌ ദര്‍ശനത്തിനു ശേഷം ഭക്‌തര്‍ തിരിച്ചിറങ്ങേണ്ട റൂട്ടുകള്‍ സംബന്ധിച്ചും പോലീസിന്റെ നേതൃത്വത്തില്‍ കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്‌.

എക്‌സിറ്റ്‌ റൂട്ടുകള്‍:

മകരവിളക്ക്‌ ദര്‍ശനം കഴിഞ്ഞ്‌ തിരികെ പോകുന്ന ഭക്‌തര്‍ക്കായി നാല്‌ എക്‌സിറ്റ്‌ റൂട്ടുകളാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. പാണ്ടിത്താവളം ജങ്‌ഷനില്‍ നിന്ന്‌ വലതുഭാഗത്ത്‌ കൂടി താഴെ മാളികപ്പുറത്തേക്കുള്ള ഇറക്കം ഇറങ്ങി, അന്നദാന മണ്ഡപത്തിന്റെ പുറകിലൂടെ ബെയ്‌ലി പാലം കയറി ജീപ്പ്‌ റോഡിലേക്ക്‌ എത്തുന്നതാണ്‌ ഒന്നാമത്തെ റൂട്ട്‌.
പാണ്ടിത്താവളം ജങ്‌ഷനില്‍ നിന്ന്‌ ഇടതുഭാഗത്തൂടെ ദര്‍ശന കോംപ്ലക്‌സിന്റെ താഴ്‌ഭാഗത്ത്‌ കൂടി, കൊപ്രാക്കളം വഴി നടപ്പന്തലിന്റെ പിന്‍വശത്തു കൂടെ, കെ.എസ്‌.ഇ.ബി ജംഗ്‌ഷനില്‍ എത്തി ജീപ്പ്‌ റോഡിലേക്ക്‌ പോകുന്നതാണ്‌ രണ്ടാമത്തെ റൂട്ട്‌.
മൂന്നാമത്തെ റൂട്ട്‌ മാളികപ്പുറം ഭാഗത്തുനിന്ന്‌ പ്രധാന നടപ്പന്തലിലൂടെയും ഫ്‌ളൈ ഓവറിലൂടെയും കെ.എസ്‌.ഇ.ബി ജങ്‌ഷനില്‍ എത്തി ജീപ്പ്‌ റോഡിലേക്ക്‌ പോകുന്നതാണ്‌.
വടക്കേ നടയുടെ പിന്‍ഭാഗത്ത്‌ ദര്‍ശനത്തിനായി നില്‍ക്കുന്നവര്‍ക്ക്‌ ദേവസ്വം മെസ്‌ ഭാഗത്തു കൂടിയും ഭസ്‌മക്കുളം വഴിയും ബെയ്‌ലി പാലത്തില്‍ എത്തി ജീപ്പ്‌ റോഡില്‍ എത്തുന്നതാണ്‌ നാലാമത്തെ എക്‌സിറ്റ്‌ റൂട്ട്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *