നീട്ടി നല്കിയ നിരവധി സമയ പരിധികള്‍ക്ക് അവസനമായി.
നീട്ടി നല്കിയ നിരവധി സമയ പരിധികള്‍ക്ക് അവസനമായി. ആധാര്‍ നമ്ബറുമായി പാന്‍ ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2023 ജൂണ്‍ 30 ന് അവസാനിക്കുകയാണ്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം, പാന്‍കാര്‍ഡ് ഉടമകളാണെങ്കില്‍ ഇവ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലായ് 1 മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവരാണെങ്കില്‍ ചെറുതും വലുതുമായ നിരവധി ഇടപാടുകള്‍ ഇനി മുതല്‍ തടസപ്പെടും.സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ ഇടപാടുകള്‍ക്കുമുള്ള ഏക ഐഡന്റിഫിക്കേഷൻ നമ്ബറായി പാൻ ഉപയോഗിക്കുന്നതിനാല്‍, ഇടപാടുകള്‍ തുടരുന്നതിന് നിലവിലുള്ള നിക്ഷേപകകര്‍ അവരുടെ പാൻ ആധാര്‍ നമ്ബറുമായി പാൻ ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇക്കാര്യം സെബി മാര്‍ഗനിര്‍ദ്ദേശമായി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. പാൻ- ആധാര്‍ ലിങ്കിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്ബോള്‍ ഇവ വിശദമായി നോക്കാം.
എന്തിന് പാൻ ആധാറുമായി ലിങ്ക് ചെയ്യണം
ഒരാള്‍ക്ക് ഒന്നിലധികം പാൻ അനുവദിക്കുകയും ഒന്നിലധികം ആളുകള്‍ക്ക് ഒരേ പാൻ നമ്ബര്‍ അനുവദിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്. പാൻ ഡാറ്റാബേസിന്റെ ഡീ-ഡ്യൂപ്ലിക്കേഷൻ നടത്തുന്നതിനാണ് ആധാര്‍ കാര്‍ഡുള്ള വ്യക്തി പാൻ കാര്‍ഡിനായി അപേക്ഷിക്കുന്ന സമയത്ത് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമാക്കിയത്.
പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് ആരൊക്കെ
2022 മാര്‍ച്ചില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, 2017 ജൂലായ് 1 മുതല്‍ പാൻ അനുവദിച്ച് കിട്ടി ഓരോ വ്യക്തിയും ആധാര്‍ നമ്ബറുമായി ഇവ ലിങ്ക് ചെയ്യേണ്ടതുണ്ടത് ആദായനികുതി നിയമം പ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ 2023 ജൂണ്‍ 30-നോ അതിന് മുൻപോ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പാൻ പ്രവര്‍ത്തനരഹിതമാകും.
ഇവര്‍ക്ക് ഇളവ്
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ചില വ്യക്തികള്‍ക്ക് ആദായ നികുതി വകുപ്പ് ഇളവ് നല്‍കുന്നുണ്ട്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമല്ല. ആദായ നികുതി നിയമ പ്രകാരം നോണ്‍ റസിഡന്റ് സ്റ്റാറ്റസുള്ള വ്യക്തികളോ ഇന്ത്യക്കാരല്ലാത്തവരോ ആണെങ്കിലും ഇളവ് ലഭിക്കും.
പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും
സമയപരിധിയായ ജൂണ്‍ 30ന് ഉള്ളില്‍ പാന്‍ ആധാര്‍ നമ്ബറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ അസാധുവാകും. ഈ സാഹചര്യത്തില്‍ ജൂലായ് 1 മുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഇതോടൊപ്പം പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്തതിന് ആദായ നികുതി നിയമ പ്രകാരമുള്ള നടപടികളും നേരിടണം. നേരത്തെ പാൻ ഉപയോഗിച്ച് ചെയ്തിരുന്ന നടപടികളൊന്നും ജൂലായ് 1 മുതല്‍ തുടരാൻ സാധിക്കില്ല.
* അസാധുവായ പാന്‍ നമ്ബര്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. അതോടൊപ്പം പൂര്‍ത്തിയാക്കാനുള്ള ആദായ നികുതി റിട്ടേണുകള്‍ പ്രോസസ് ചെയ്യാനും സാധിക്കില്ല.
* ലഭിക്കാനുള്ള ആദായ നികുതി റീഫണ്ട് തുകയും നഷ്ടമാകും.
* പാന്‍ കാര്‍ഡ് അസാധുവാകുന്നതോടെ ഉയര്‍ന്ന നിരക്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈാടാക്കും.
* ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും. കെവൈസി നടപടികള്‍ക്ക് പാന്‍ പ്രധാന രേഖയായതിനാല്‍ ബാങ്ക് ഇടപാടില്‍ പ്രയാസം നേരിടും. ഉദാഹരണത്തിന്, ബാങ്കില്‍ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിന് പാൻ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. പാൻ പ്രവര്‍ത്തനരഹിതമാകുന്നതോടെ നിങ്ങള്‍ക്ക് അത്തരം ഇടപാടുകള്‍ നടത്താൻ കഴിയില്ല.
* പാൻ അസാധുവാകുന്നതോടെ ഓഹരി ഇടപാട്, ട്രേഡിംഗ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എന്നിവയ്ക്കും തടസം നേരിടും.
എങ്ങനെ ലിങ്ക് ചെയ്യാം.
ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.incometax.gov.in-ല്‍ ലഭ്യമായ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാനും ആധാറും ലിങ്ക് ചെയ്യാം.