ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. പേരൂർ പുളിമൂട് ജംഗ്ഷനിലെ എ.ടി.എംമിലാണ് കവർച്ച ശ്രമം നടന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. നീല ടീ ഷർട്ടും തൊപ്പിയും മാസ്കും ധരിച്ച് എത്തിയ യുവാവ് കമ്പി ഉപയോഗിച്ച് എ.ടി.എം തകർക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
സംക്രാന്തി – പേരൂർ റോഡിൽ പുളിമൂട് കവലയിൽ എസ്.ബി.ഐ യുടെ എടിഎമ്മാണ് കുത്തി പൊളിച്ച് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്. എന്നാൽ പണം നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.
ഇന്ന് പുലർച്ചെ 2.39 ഓടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം ഏതാണ്ട് പൂർണായും തകർക്കപ്പെട്ടിരിക്കുന്നത്. പുലർച്ചെ ഇതുവഴിപോയ യാത്രക്കാരാണ് എടിഎം തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ഇവർ വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരും സ്ഥലത്തെത്തി പരിശോധന നടത്തും.