ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ ഒരുപിടി വജ്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ കറുത്ത വജ്രമാണ് ബ്ലാക്ക് ഓര്‍ലോവ്. വജ്രത്തിന്റെ ഭംഗിയേക്കാള്‍ ഈ വജ്രം കൈവശം വെയ്ക്കുന്നവരുടെ ആത്മഹത്യാ പരമ്പരയാണ് ശ്രദ്ധേയമായത്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഈ വജ്രത്തിന്റെ കഥ ആരംഭിയ്ക്കുന്നത്. 195 കാരറ്റ് ശുദ്ധിയുണ്ടായിരുന്ന ഈ വജ്രം പോണ്ടിച്ചേരിയില്‍ ഒരു വിഗ്രഹത്തിലായിരുന്നു ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ കാലത്ത് ഇത് ആരോ കൈക്കലാക്കി. ഇതോടെ ശാപത്തിന്റെ കഥയും ആരംഭിച്ചു.
യുഎസില്‍ ഈ വജ്രം എത്തുന്നത് 1932-ലാണ്. ജെ.ഡബ്ല്യു.പാരിസ് എന്ന അതിധനികനായ വ്യാപാരിയാണ് ഈ വജ്രം വാങ്ങിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പാരിസ് വജ്രം വിറ്റെങ്കിലും ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള ഒരു ബഹുനിലക്കെട്ടിടത്തില്‍ കയറിയ പാരിസ് താഴേക്കു ചാടി മരിച്ചു. ബിസിനസിലെ പ്രശ്നങ്ങള്‍ കാരണം കുറച്ചു കാലമായി മാനസികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ലെന്ന് പാരിസ് പറയപ്പെട്ടിരുന്നു. വജ്രത്തിന്റെ ശാപക്കഥയിലെ ആദ്യ ആത്മഹത്യ പാരിസിന്റേതായിരുന്നു.
പിന്നീട് വജ്രം വാങ്ങിയത് റഷ്യന്‍ രാജകുമാരിയായ പ്രിന്‍സസ് ലിയോണിലയായിരുന്നു. ബ്രിട്ടിഷ് നേവിയിലെ ഒരു ഓഫീസറുടെ ഭാര്യയായിരുന്നു ലിയോണില. അവരും ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. ഇതിനിടെ നാദിയ വൈഗിന്‍ ഓര്‍ലോവ് എന്ന ലിയോണിലയുടെ ബന്ധുവായ മറ്റൊരു രാജകുമാരിയുടെ കൈവശം കറുത്ത വജ്രം എത്തിയിരുന്നു. അങ്ങനെ വജ്രത്തിന് ബ്ലാക്ക് ഓര്‍ലോവ് എന്ന പേരും ലഭിച്ചു.
ലിയോണില മരിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ മധ്യ റോമിലെ ഉയരമേറിയ ഒരു കെട്ടിടത്തില്‍ നിന്നു ചാടി നാദിയയും ആത്മഹത്യ ചെയ്തു.തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചാള്‍സ് എഫ്.വിന്‍സ്റ്റണ്‍ എന്ന വ്യക്തി ബ്ലാക്ക് ഓര്‍ലോവ് വാങ്ങി. 195 കാരറ്റുണ്ടായിരുന്ന വജ്രത്തെ വിവിധഭാഗങ്ങളാക്കിയാല്‍ ശാപം ഒഴിഞ്ഞു പോകുമെന്ന് കരുതിയ ചാള്‍സ് ബ്ലാക്ക് ഓര്‍ലോവിനെ മൂന്ന് കഷ്ണങ്ങളാക്കി. ഇതില്‍ 65 കാരറ്റുള്ള ഒരു വജ്രഭാഗമാണ് ഇപ്പോള്‍ ബ്ലാക്ക് ഓര്‍ലോവ് എന്നറിയപ്പെടുന്നത്. 124 വജ്രങ്ങളുടെ മാലയിലാണ് ഈ വജ്രം ഉള്ളത്. പിന്നീട് ഈ വജ്രവുമായി ബന്ധപ്പെട്ടുള്ള മരണങ്ങള് ഉണ്ടായിട്ടില്ല. 2004-ല്‍ വജ്രക്കച്ചവടക്കാരനായ ഡെന്നിസ് പെറ്റിമെസാസ് ഈ വജ്രം വാങ്ങി. പിന്നീട് പല ഉന്നത വ്യക്തികളും സെലിബ്രിറ്റികളുമൊക്കെ ഇതു ധരിച്ചു. ഫെലിസിറ്റി ഹഫ്മാന് ഇതണിഞ്ഞ് ഒരിക്കല്‍ ഓസ്കര് വേദിയിലുമെത്തി.