ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍

April 17, 2024
0
Views

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗള്‍ പറഞ്ഞു.

ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231 ബൂത്തുകളിലായി (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവർത്തന തകരാർ സംഭവിച്ചാല്‍ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ (എആർഒ) കസ്റ്റഡിയില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡല്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളില്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന(എഫ്‌എല്‍സി) പൂർത്തിയാക്കി തിരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് മുമ്ബ് യൂണിറ്റുകള്‍ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്‌എല്‍സി. എഫ്‌എല്‍സി പാസായ ഇവിഎമ്മുകള്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കൂ. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്‌എല്‍സി നടത്തുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച്‌ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിന്റെ (ബെല്‍) അംഗീകൃത എഞ്ചിനീയർമാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ് എല്‍ സിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

തുടർന്ന് അസംബ്ലി മണ്ഡലം തിരിച്ച്‌ ഇവിഎം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാൻഡമൈസേഷൻ മാർച്ച്‌ 27നാണ് നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തില്‍ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം (ഇഎംഎസ്) വഴിയാണ് ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയല്‍ നമ്ബറുകള്‍ ഇഎംഎസ് സോഫ്റ്റ് വെയർ ഉപയോഗിച്ച്‌ റാൻഡമൈസേഷൻ നടത്തിയ ശേഷം ഇവയുടെ സീരിയല്‍ നമ്ബർ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ക്കും കൈമാറിയിരുന്നു.

ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്ന് (ഏപ്രില്‍ 16) നടന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ തനത് ഐഡി നമ്ബർ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാർഥികള്‍ക്കും അവരുടെ ഏജന്റുമാർക്കും നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിനത്തിലെ മോക്ക്പോള്‍ ഇങ്ങനെ;

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്ബാണ് മോക്ക്പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്ബ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമർത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാർഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്ബാർട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസർ ബോധ്യപ്പെടുത്തുന്നു . അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍ നടത്തുന്നു. തുടർന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്‌ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.

ഇതിന് ശേഷം യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്ബ് മോക്ക് പോള്‍ ഫലം മായ്ക്കാൻ പ്രിസൈഡിംഗ് ഓഫീസർ ‘ക്ലിയർ ബട്ടണ്‍’ അമർത്തുന്നു. തുടർന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്‌പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമർത്തുകയും വിവിപാറ്റ് ബാലറ്റ് കമ്ബാർട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *