ഇന്നത്തെ യുവ തലമുറയാണ് നാളത്തെ ലോകത്തെ നയിക്കുക എന്ന പഴഞ്ചൊല്ല് ഏറെ പ്രശസ്തമാണ്.
ഇന്നത്തെ യുവ തലമുറയാണ് നാളത്തെ ലോകത്തെ നയിക്കുക എന്ന പഴഞ്ചൊല്ല് ഏറെ പ്രശസ്തമാണ്. മാറുന്ന ലോകത്തിനു വേണ്ട നൂതന ആശയങ്ങള്‍ ഉരുത്തിരിയുന്നത് പലപ്പോഴും യുവമനസുകളില്‍ നിന്നാണ്.
എന്നാല്‍ ഇക്കാലഘട്ടത്തിലെ മോശം ആഹാര ശീലങ്ങളും ജീവിതശൈലിയും മൂലം നേരത്തെ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന മാനസികവും ശാരീരികവുമായ പലതരത്തിലുള്ള രോഗങ്ങള്‍ ഇന്ന് യുവ സമൂഹത്തിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മാറിനില്‍ക്കാൻ കഴിയും. മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്താൻ വേണ്ട ചില നുറുങ്ങുവിദ്യകള്‍…
ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാം
ഭക്ഷണക്രമത്തില്‍ കൊണ്ടുവരുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാൻ ശ്രദ്ധിക്കാം. ഇത് വഴി ശരീരത്തിന് കൂടുതല്‍ ഓജസ്സും ഊര്‍ജ്ജവും ലഭിക്കും. നിരവധി രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും കഴിയും.
സമ്ബുഷ്ട ധാന്യങ്ങള്‍, പ്രോട്ടീൻ, ഇരുമ്ബ്, കാല്‍സ്യം എന്നിവ അടങ്ങിയ സമീകൃത ആഹാരങ്ങള്‍ പതിവാക്കാം. ചെറിയതോതിലുള്ള കൊഴുപ്പും ധാരാളമായി പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ശരീരത്തിന് വലിയ തോതില്‍ ഗുണം ചെയ്യും. മുകളില്‍ പറഞ്ഞ ധാതുലവണങ്ങളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളുടെ ഗുണഗണങ്ങള്‍ പരിശോധിക്കാം.
സമ്ബുഷ്ട ധാന്യങ്ങള്‍: തവിട് കളയാത്ത അരി, ചെറു ധാന്യങ്ങള്‍, സമ്ബുഷ്ട ഗോതമ്ബ്, ഓട്ട്സ് തുടങ്ങി കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രധാനം ചെയ്യും.
പ്രോട്ടീൻ: പേശികളുടെയും ശരീരത്തിലെ അവയവങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കാം. മാംസം, കോഴി, മത്സ്യം, മുട്ട, പാലുത്പന്നങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇരുമ്ബ്: കൗമാരക്കാരുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ധാതുലവണങ്ങളില്‍ ഒന്നാണ് ഇരുമ്ബ്. ശരീരത്തില്‍ ഇരുമ്ബിന്റെ അളവ് കുറയുന്നത് വിളര്‍ച്ച, ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാംസം, കോഴി, ചീര, മുരിങ്ങയില, ഈന്തപ്പഴം ഇലക്കറികള്‍, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഇരുമ്ബിന്റെ കലവറകളാണ്.
കാല്‍സ്യം: എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമായ ധാതുലവണമാണ് കാല്‍സ്യം. പ്രതിദിനം 1300മില്ലിഗ്രാം വരെ ഉപയോഗിക്കാം. പാല്, തൈര്, ചീസ് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങള്‍, മുള്ളോടു കൂടിയ ചെറുമത്സ്യങ്ങള്‍, മുത്താറി, വിവിധയിനം ഇലക്കറികള്‍ എന്നിവയില്‍ കാല്‍സ്യത്തിന്റെ അളവ് ധാരാളമാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും: ആഹാരക്രമത്തില്‍ വിവിധയിനം പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകങ്ങളുടെ കലവറയായ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ശരീരത്തിന് വേണ്ട ധാതുലവണങ്ങളും മൂലകങ്ങളും ധാരാളമായി ലഭിക്കുന്നുണ്ട്. ദഹനപ്രക്രിയക്കും ഇത് ഗുണം ചെയ്യും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണം: അമിതമായാല്‍ ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകുമെങ്കിലും പരിമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ശരീരത്തിന് വേണ്ട ഊര്‍ജം പ്രധാന ചെയ്യുന്നുണ്ട് ഇവ. അവക്കാഡോ, നട്ട്സ്, സീഡ്സ്, ഒലീവ് ഓയില്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
അനാരോഗ്യകരമായ ഭക്ഷണക്രമം ശരീരത്തിന് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ സ്വീകരിക്കാവുന്നതാണ്. നന്നായി വെള്ളം കുടിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ തടയാനും ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും കഴിയുമെന്നത് വെള്ളം കുടിക്കുന്നതിന്റെ നേട്ടമാണ്.
പ്രോട്ടീൻ അളവ് കൂടിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാം. പ്രോട്ടീൻ ദഹിക്കാൻ കൂടുതല്‍ സമയം എടുക്കും എന്നതിനാല്‍ വിശപ്പ് അനുഭവപ്പെടില്ല. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരത്തിലുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. അതേസമയം പൂര്‍ണ്ണമായും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണയില്‍ വറുത്ത പലഹാരങ്ങളും ബേക്കറി സാധനങ്ങളും കഴിക്കുന്നതിന് പകരമായി ആരോഗ്യകരമായ സ്നാക്സുകള്‍ ഉപയോഗിക്കാം. ഉദാഹരണത്തിന് മിക്സഡ് നട്ട്സ്, ഫ്രൂട്ട് സ്മൂത്തി, മുട്ട, പൊരി, പഴം, ഓട്സ്, മില്ലറ്റ് പുഡിങ്, ചപ്പാത്തി, മില്ലറ്റ് പായസം എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഡയറ്റുകള്‍ നല്ലതോ?
മുട്ട മാത്രം കഴിച്ചുള്ള ഡയറ്റ്, കീറ്റോ, പാലിയോ, ഗ്ലൂട്ടിൻ ഫ്രീ, ജി എം, കാബേജ് ഡയറ്റ് തുടങ്ങി വണ്ണം കുറയ്ക്കുന്നതിനായി വിവിധതരം ഡയറ്റുകളാണ് ഇക്കാലത്ത് യുവാക്കള്‍ സര്‍വ്വസാധാരണമായി ചെയ്യുന്നത്. എന്നാല്‍ അനാരോഗ്യകരമായ ഇത്തരം ഡയറ്റുകള്‍ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം ഇവ ചെയ്യുന്നതുമൂലം ശരീരത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഡയറ്റുകള്‍ നിര്‍ത്തിയാല്‍ പഴയ പടിയാകാനുള്ള സാധ്യതയും കൂടുതലാണ്. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നിര്‍ജലീകരണം, ക്ഷീണം, മനംപിരട്ടല്‍, മലബന്ധം, വയറിളക്കം, തലവേദന തുടങ്ങിയ വിവിധ അസുഖങ്ങളാണ് ഡയറ്റ് ചെയ്യുന്നവരില്‍ കാണപ്പെടുന്നത്. അതേസമയം ഉപവാസത്തിന് സമാനമായ ഇന്റര്‍മിറ്റന്റ് ഡയറ്റ് ചെയ്യുന്നതിന് കുഴപ്പമില്ല. എന്നാല്‍ വിദഗ്ദ നിര്‍ദ്ദേശപ്രകാരം മാത്രം വേണം ആരംഭിക്കാൻ.
വ്യായാമവും നിര്‍ബന്ധം
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭക്ഷണം പോലെ പ്രധാനമാണ് കൃത്യമായ വ്യായാമവും. ശരീരം അനങ്ങുന്നത് മൂലം പേശികള്‍ ശക്തമാകും. ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ തടയാനും കഴിയും. സാധാരണ പ്രഭാതനടത്തം മുതല്‍ ജിമ്മില്‍ ചെയ്യുന്ന വര്‍ക്കൗട്ടുകളും നീന്തല്‍, സൈക്ലിംഗ് ഉള്‍പ്പെടെയുള്ളവയും വ്യായാമങ്ങളില്‍പ്പെടും. അതേസമയം പെട്ടെന്നൊരു ദിവസം ഏറെ നേരം വ്യായാമം ചെയ്ത് തുടങ്ങുന്ന രീതി വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഇത് തടയുന്നതിനായി കുറഞ്ഞ അളവില്‍ തുടങ്ങി പിന്നീട് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.
ഏറെനേരം ഇരുന്നുള്ള ജോലികള്‍ നട്ടെല്ലിന് ക്ഷതമേല്‍ക്കാൻ കാരണമാകും. ഈ സാഹചര്യങ്ങളില്‍ ജോലിക്കിടെ അല്പനേരം എഴുന്നേറ്റ് നടക്കുകയോ മറ്റേതെങ്കിലും കായിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യേണ്ടതാണ്. ദീര്‍ഘമായ ഫോണ്‍ വിളികള്‍ക്കിടെ നടക്കുക, കടകളിലേക്കും മറ്റുമുള്ള യാത്രകള്‍ വാഹനങ്ങള്‍ക്ക് പകരം കാല്‍നടയായി പോകുക, ലിഫ്റ്റിന് പകരം സ്റ്റെയര്‍കേസ് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാം.
പതിവായി വ്യായാമം ചെയ്യുന്നതിന് നിരവധി ഗുണങ്ങളാണുള്ളത്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അര്‍ബുദം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. പേശികളെയും എല്ലുകളെയും ബലപ്പെടുത്തും. ശരീരത്തിന്റെ സന്തുലിതാവസ്ഥയും സ്ഥിരതയും വര്‍ധിക്കും. ആരോഗ്യകരമായ ശരീരഭാരം തുടര്‍ന്നുകൊണ്ടുപോകാൻ സഹായിക്കും. ഊര്‍ജവും ആരോഗ്യവും എകാഗ്രതയും കൂട്ടും. വിഷാദവും ഉത്കണ്ഠയും കുറയ്ക്കും. ഗുണമേന്മയുള്ള ഉറക്കം ലഭിക്കും. ലൈംഗിക ആരോഗ്യം വര്‍ധിപ്പിക്കും. സന്ധികളുടെയും അസ്ഥിബന്ധങ്ങളുടെയും ആരോഗ്യം വര്‍ധിപ്പിക്കും തുടങ്ങിയവയെല്ലാം ഇതില്‍ ചിലത് മാത്രമാണ്. അതേസമയം, തിരക്കിട്ട ഓട്ടത്തിനിടയില്‍ വ്യായാമത്തിനായി സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് പലരുടേയും പ്രശ്നം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതുപോലും ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പരിശോധന പതിവാക്കാം, രോഗങ്ങളെ അകറ്റി നിര്‍ത്താം
ആരോഗ്യം പരിരക്ഷിക്കുന്നതോടൊപ്പം രോഗങ്ങളെ അകറ്റി നിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഇതിനായി കൃത്യമായ ഇടവേളകളില്‍ വിവിധ രോഗ നിര്‍ണയ പരിശോധനകള്‍ നടത്തുന്നത് അഭികാമ്യമാണ്. ബോഡി മാസ് ഇൻഡക്സ് പരിശോധിക്കുന്നത് വണ്ണക്കൂടുതല്‍ മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കാൻ നല്ലതാണ്. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഡയബറ്റിക്സ്, തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ നേരത്തെ തന്നെയുള്ള രോഗനിര്‍ണയം സഹായിക്കും. വിളര്‍ച്ച, ക്ഷയം തുടങ്ങിയവയും പരിശോധനയിലൂടെ കണ്ടെത്താം. കുത്തഴിഞ്ഞ ജീവിതവും ലഹരി ഉപയോഗവും ഉളളവരാണെങ്കില്‍ ഹെപ്പറ്റൈറ്റിസ്, എച്ച് ഐ വി, ക്ലമീഡിയ, ഗൊണേറിയ തുടങ്ങിയ ലൈംഗികജന്യരോഗങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്.
വരൂ, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ശീലമാക്കാം. യുവത്വം ആഘോഷിക്കാം.