ദമ്മാം: അസുഖബാധിതയായപ്പോള്‍ സ്പോണ്സര് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച മലയാളി വീട്ടുജോലിക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിള ലക്ഷംവീട് കോളനിയില്‍ താമസക്കാരിയായ ലത്തീഫ ബീവിയാണ് (59) ഈ ഹതഭാഗ്യ. ദമ്മാമിലെ നവയുഗം ജീവകാരുണ്യവിഭാഗത്തിെന്റ സമയോചിതമായ ഇടപെടലാണ് ഇവര്‍ക്ക് രക്ഷയായത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം അവര്‍ നാട്ടിലേക്ക് മടങ്ങി. രോഗിയായ ഭര്‍ത്താവിന് ഒരു ശസ്ത്രക്രിയയെതുടര്‍ന്ന് ജോലി ചെയ്യാനാവാതെ വന്നപ്പോഴാണ് ലത്തീഫ വീട്ടുജോലിക്ക് സൗദിയിലെത്തിയത്. 13 വര്‍ഷമായി അല്അഹ്സയില് ഒരു സൗദി പൗരെന്റ വീട്ടില്‍ ജോലിചെയ്യുകയായിരുന്നു അവര്‍. അടുത്തിടെ നാട്ടില്‍ മകള്‍ അസുഖബാധിതയായി മരിച്ചു. എന്നിട്ടും സ്പോണ്സര് അവരെ നാട്ടില്‍ അയക്കാന്‍ തയാറായില്ല. ഇതുമൂലവും മറ്റും ലത്തീഫ ബീവി അവശയായി. ഒരു ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്പോണ്സര് ആശുപത്രിയിലെത്തിച്ചു.
പരിശോധനയില്‍ ഹൃദയത്തിലെ മൂന്ന് വാല്‍വുകള്‍ക്ക് തടസ്സം ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് സ്പോണ്സര് അമീര്‍ സുല്‍ത്താന്‍ ഹൃദ്രോഗ ആശുപത്രിയില്‍ എത്തിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍, ഇനി ജോലി ചെയ്യിക്കരുതെന്നും ഒരുമാസം വിശ്രമം വേണമെന്നും അതിനുശേഷം നാട്ടില്‍ അയക്കണമെന്നുമായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. പിന്നീട് സ്പോണ്സര് ആശുപത്രിയില്‍ വരുകയോ അവരെ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. ചികിത്സ പൂര്‍ത്തിയായിട്ടും സ്പോണ്സര് തിരിഞ്ഞുനോക്കാഞ്ഞതിനാല് ഡിസ്ചാര്‍ജ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. അങ്ങനെ ആരും നോക്കാനില്ലാതെ അനാഥയായി ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഈ വിവരം അറിഞ്ഞ നാട്ടിലുള്ള ബന്ധുക്കള്‍, കൊല്ലത്തുള്ള ഇമാമുദ്ദീന്‍ മൗലവി വഴി അല്അഹ്സയിലെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ സിയാദ് പള്ളിമുക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
സിയാദ് പള്ളിമുക്ക്, സാമൂഹികപ്രവര്‍ത്തകനായ മണി മാര്‍ത്താണ്ഡത്തിനൊപ്പം ആശുപത്രിയിലെത്തി ലത്തീഫ ബീവിയെ സന്ദര്‍ശിക്കുകയും നിയമസഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും അത്യാവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചുകൊടുക്കുകയും ചെയ്തു. അതോടെ, ഈ കേസ് നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു. സിയാദും മണിയും ലത്തീഫ ബീവിയുടെ സ്പോണ്സറുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അയാള്‍ സഹകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ലത്തീഫ ബീവിയെക്കൊണ്ട് സ്പോണ്സര്ക്കെതിരെ ലേബര്‍ കോടതിയില്‍ പരാതി കൊടുപ്പിച്ചു.
സ്പോണ്‍സറോട് അവരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യിച്ച് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എത്രയും പെട്ടെന്ന് ലത്തീഫ ബീവിയെ എല്ലാ കുടിശ്ശികകളും കൊടുത്ത് നാട്ടിലേക്ക് കയറ്റിവിടണമെന്ന് കോടതി ഉത്തരവിട്ടു.
കുടിശ്ശിക ശമ്ബളവും ആനുകൂല്യങ്ങളും ഫൈനല്‍ എക്സിറ്റ് വിസയും വിമാന ടിക്കറ്റും നല്‍കിയെങ്കിലും കുപിതനായ സ്പോണ്സര് ഉടന്‍തന്നെ വീട്ടില്‍നിന്നും പുറത്തുപോകണമെന്ന് പറഞ്ഞ് അവരുടെ സാധനങ്ങള്‍ എടുത്ത് റൂമിന് പുറത്തേക്ക് എറിഞ്ഞു. വിവരമറിഞ്ഞെത്തിയ സിയാദും നവയുഗം പ്രവര്‍ത്തകരും അവരെ നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടെന്റ ദമ്മാമിലെ വീട്ടില്‍ എത്തിച്ചു.
അവിടെ താമസിപ്പിച്ച് പരിചരിച്ചു. ഒടുവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്ക്കും നന്ദി പറഞ്ഞ് ലത്തീഫ ബീവി നാട്ടിലേക്ക് മടങ്ങി.