തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടി പിഎസ്‌എല്‍വിയുടെ എക്‌സ്‌പോസാറ്റ്.
തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടി പിഎസ്‌എല്‍വിയുടെ എക്‌സ്‌പോസാറ്റ്. ഇന്ന് രാവിലെ 9.10-ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് എക്‌സ്‌പോസാറ്റ് കുതിച്ചുയര്‍ന്നത്.
വിദൂര ബഹിരാകാശ വസ്തുക്കളില്‍ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്താനായി ഇസ്രോ വിക്ഷേപിക്കുന്ന ആദ്യ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്.
പിഎസ്‌എല്‍വി സി-58 ഇസ്രോയുടെ ഫസ്റ്റ് ലോഞ്ച്-പാഡില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്‌എല്‍വിയുടെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടന്നത്.
തമോഗര്‍ത്ത രഹസ്യങ്ങളും എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുള്‍പ്പെടെ ജ്യോതിശാസ്ത്ര രംഗത്തെ നിര്‍ണായകമായ ചുവടുവയ്പ്പാണിത്. ബെംഗളൂരു ആസ്ഥാനമായുള്ള രാമൻ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത പേലോഡുകളും ഉപഗ്രഹത്തിലൂടെ വിക്ഷേപിച്ചു. എക്‌സ്‌പോസാറ്റ് മിഷൻ ബഹിരാകാശ പഠനത്തിന് ഒരു പുതിയ അടിത്തറ തന്നെ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
ജ്യോതിശാസ്ത്ര സമൂഹത്തിന് വലിയ നേട്ടങ്ങള്‍ നല്‍കാൻ ഈ ദൗത്യത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷമാണ് എക്സ്പോസാറ്റിന്റെ ആയുസ്സ്.