വ്യാജസീല്‍ ഉപയോഗിച്ച്‌ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

April 8, 2024
35
Views

തിരുവനന്തപുരത്തെ നോർക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്‌.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജസീല്‍ ഉപയോഗിച്ച്‌ അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തി.

ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറി. ഇത്തരത്തില്‍ ഏജന്‍സികളും ഇടനിലക്കാരും വഴി സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.

വ്യാജ അറ്റസ്റ്റേഷൻ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ നിയമപരമായ നടപടികള്‍ക്കായി സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരുന്നതിനാല്‍ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികള്‍ക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു.

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *