കള്ളപ്പണം തടയുന്നതില്‍ വീഴ്ച: 50 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി

August 22, 2023
12
Views

രാജ്യത്ത് കള്ളപ്പണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ 50 സ്ഥാപനങ്ങളുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി.

ദുബൈ: രാജ്യത്ത് കള്ളപ്പണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ 50 സ്ഥാപനങ്ങളുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി.

മൂന്നു മാസത്തേക്കാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സസ്പെൻഡ് ചെയ്തത്. ചട്ടം ലംഘിച്ച 225 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വൻതുക പിഴ ചുമത്തുകയും ചെയ്തു.കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ യു.എ.ഇ ഫിനാൻഷ്യല്‍ ഇന്‍റലിജൻസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന goAML സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് സാമ്ബത്തിക മന്ത്രാലയം നിര്‍ത്തിവെപ്പിച്ചത്. സംശയകരമായ ഇടപാടുകള്‍ ഫിനാൻഷ്യല്‍ ഇന്‍റലിജൻസ് വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് goAML.

സാമ്ബത്തിക മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഈ സംവിധാനം ഒരുക്കുന്നതില്‍ 50 സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതായി കണ്ടെത്തിയിരുന്നു. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിങ് എന്നിവയെ നേരിടുന്നതിന് ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ 225 സ്ഥാപനങ്ങളിലായി മൊത്തം 76.9 ദശലക്ഷം ദിര്‍ഹമിന്‍റെ പിഴയാണ് ചുമത്തിയിരിക്കുന്നത്.കള്ളപ്പണം, ഭീകരവാദ ഫണ്ടിങ് തുടങ്ങിയവക്കെതിരെ അന്താരാഷ്ട്ര നിയമപ്രകാരം കര്‍ശന നടപടികളാണ് യു.എ.ഇ സ്വീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിലും ഭീകരവാദ ഫണ്ടിങ് റിപ്പോര്‍ട്ട് ചെയ്യുന്നതിലും പരാജയപ്പെട്ട 29 സാമ്ബത്തിക ഇതര സ്ഥാപനങ്ങള്‍ക്കെതിരെ ഈ മാസം 10ന് 22.6 ദശലക്ഷം ദിര്‍ഹം മന്ത്രാലയം പിഴ ചുമത്തിയിരുന്നു.

ഫ്രീസോണുകളിലും അല്ലാത്തയിടങ്ങളിലും പ്രവര്‍ത്തിക്കുന്ന സാമ്ബത്തിക ഇതര, പ്രഫഷനല്‍ തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് കീഴിലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ഏജന്‍റുമാര്‍, രത്നവ്യാപാരികള്‍, ഓഡിറ്റര്‍മാര്‍, കോര്‍പറേറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. goAML സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടും.

മൂന്നു മാസത്തിനുള്ളില്‍ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത പിഴ ചുമത്തുകയും ചെയ്യും. മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാൻ എല്ലാ കമ്ബനികളോടും ആവശ്യപ്പെട്ട മന്ത്രാലയം സംശയനിവാരണത്തിന് ബന്ധപ്പെട്ട അതോറിറ്റികളുടെ സഹായം തേടാമെന്നും അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *