മേപ്പയ്യൂര്‍: ‘ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട. ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം’. കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകള്‍ ഷെഹ്ന ഷെറിന് ഇങ്ങനെ ഒരു നിര്‍ദേശം വെച്ചത് ജീവകാരുണ്യ പ്രവര്‍ത്തകനായ അദ്ദേഹത്തെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ കല്യാണം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചപ്പോള്‍ അവരും തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ ഷെഹ്ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഞായറാഴ്ച അന്ത്രുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേര്‍ക്ക് നല്കി ആധാരം കൈമാറും.
മേപ്പയ്യൂര്‍ പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തകരായ ഈ ഉപ്പയും മകളും പാലിയേറ്റീവ് സെന്റര്‍ നിര്‍മിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന് ധനസഹായവും കല്യാണത്തിന്റെ ഭാഗമായി നല്‍കും. അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കുമുണ്ട് ധനസഹായം. ഒരാള്‍ക്ക് വീട് നിര്‍മാണത്തിനും മറ്റൊരാള്‍ക്ക് ചികിത്സക്കും സഹായം നല്കി. ഒരു നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്ത്രു മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്തു.
30 വര്‍ഷമായി കുവൈത്തില്‍ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തനത്തിന് ഭാര്യ റംലയും ഇളയ മകള്‍ ഹിബ ഫാത്തിമയും എല്ലാ പിന്തുണയും നല്കുന്നു. മകളുടെ കല്യാണപ്പന്തലും വൈവിധ്യമായാണ് അന്ത്രു ഒരുക്കിയത്.
ഓല കൊണ്ടുള്ള പന്തല്‍ അലങ്കരിച്ചത് ഇരഞ്ഞി ഇല കൊണ്ടും ഈന്തോല പട്ട കൊണ്ടുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഇത്തരം പന്തലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാലത്ത് അപൂര്‍വമാണ്.