പകര്‍ച്ചവ്യാധികളില്‍ വില്ലൻ എലിപ്പനി

May 20, 2024
37
Views

മലപ്പുറം: സംസ്ഥാനത്ത് ജീവന് ഭീഷണിയായ പകർച്ചവ്യാധികളില്‍ ഏറ്റവും അപകടകാരി എലിപ്പനി. രണ്ടാം സ്ഥാനത്ത് ഡെങ്കിപ്പനിയും മൂന്നാമത് മഞ്ഞപ്പിത്തവും.

ആരോഗ്യവകുപ്പിന്‍റെ സംയോജിത രോഗ നിരീക്ഷണ പദ്ധതി (ഐ.ഡി.എസ്.പി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാനത്തെ എലിപ്പനി മരണങ്ങള്‍ 83 ആണ്. ഇതില്‍ 41 എണ്ണം സ്ഥിരീകരിച്ചതും 42 എണ്ണം സംശയിക്കുന്നതുമാണ്. വിവിധ ജില്ലകളിലായി 1471 എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം മൂന്നു മരണവും 156 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കഴിഞ്ഞ വർഷം എലിപ്പനി 220 പേരുടെ ജീവന്‍ കവർന്നിരുന്നു. എലിപ്പനിമൂലമുള്ള മരണനിരക്ക് കൂടുതലാണെന്നാണ് ഐ.ഡി.എസ്.പി റിപ്പോർട്ട് നല്‍കുന്ന സൂചന.

കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയും സംസ്ഥാനത്ത് ഏതാണ്ടെല്ലാ ജില്ലയിലുമുണ്ട്. ഈ വർഷം 48 പേരാണ് ഡെങ്കി പിടിപെട്ട് മരിച്ചത്. ഇവയില്‍ 16 മരണം സ്ഥിരീകരിച്ചതും ബാക്കി സംശയിക്കുന്നതുമാണ്. ജനുവരി ഒന്നു മുതല്‍ മേയ് 17 വരെ വിവിധ ജില്ലകളില്‍ 5069 ഡെങ്കി കേസുകള്‍ സ്ഥിരീകരിച്ചു. സംശയിക്കുന്ന കേസുകള്‍ 12,885. ഈ മാസം അഞ്ച് ഡെങ്കി മരണങ്ങള്‍ സംഭവിച്ചു. മേയില്‍ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ ഡെങ്കി കേസുകള്‍ 1998. ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളിലാണ്.

ജലജന്യ വൈറസ് രോഗമായ മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ്-എ) ഈ വർഷം നിരവധി പേരുടെ ജീവൻ കവർന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച്‌ 30 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ സ്ഥിരീകരിച്ച മരണം 15. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ മഞ്ഞപ്പിത്ത കേസുകള്‍ 7895. രോഗം പടർന്നുപിടിച്ച മലപ്പുറം, എറണാകുളം ജില്ലകളില്‍ മേയില്‍ മാത്രം ആറുപേരാണ് മരിച്ചത്. രക്തജന്യ രോഗമായ ഹെപ്പറ്റൈറ്റിസ്-ബി സ്ഥിരീകരിച്ച 456 കേസുകളും മൂന്നു മരണങ്ങളും ഈ വർഷം മാത്രം ഉണ്ടായിട്ടുണ്ട്.

എലിപ്പനിക്കെതിരെ ജാഗ്രത വേണം

എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളവും ചളിയുമാണ് എലിപ്പനിയുടെ രോഗസ്രോതസ്സ്. തൊലിപ്പുറത്തെ പോറലുകള്‍, മുറിവുകള്‍ എന്നിവ വഴിയാണ് എലിപ്പനി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കര്‍ഷകര്‍, കൂലിത്തൊഴിലാളികള്‍, തൊഴിലുറപ്പ്, ശുചീകരണ തൊഴിലാളികള്‍, ഓടകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍, കന്നുകാലികളെയും പന്നികളെയും വളര്‍ത്തുന്നവര്‍, ഫാമുകളിലെ തൊഴിലാളികള്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, നദികളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും നീന്തുന്നവര്‍ എന്നിവർ കൂടുതല്‍ കരുതലെടുക്കണം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *