പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; തിങ്കളാഴ്ച മാത്രം ചികിത്സ തേടിയത് 15493 പേര്‍

June 28, 2023
19
Views

കേരളത്തില്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു.

തിരുവനന്തപുരം: കേരളത്തില്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച മാത്രം ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 200-ഓളം പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരത്ത് ഒരാള്‍ പനി ബാധിച്ചും പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ഒരാളും കൊല്ലത്ത് എലിപ്പനി ബാധിച്ച്‌ ഒരാളും മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാള്‍ക്ക് ചിക്കൻഗുനിയ ബാധിച്ചു. പത്തനംതിട്ടയില്‍ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.

അതേസമയം ഞായറാഴ്ചത്തെ കണക്കുകള്‍ അടക്കമുള്ളതാണ് തിങ്കളാഴ്ചത്തെ പനിക്കണക്ക്. ഇന്നലെ പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ കണക്കുകള്‍ ഇങ്ങനെ. തിരുവനന്തപുരം-1264, കൊല്ലം-1047, പത്തനംതിട്ട-554, ഇടുക്കി-746, കോട്ടയം-894, ആലപ്പുഴ-821, എറണാകുളം-1528, തൃശൂര്‍-716, പാലക്കാട്-1114, മലപ്പുറം-2804, കോഴിക്കോട്-1366, വയനാട്-552, കണ്ണൂര്‍-1132, കാസര്‍ഗോഡ്-955

ഇതുവരെ വിവിധ ജില്ലകളിലായി 317 പേരാണ് ഡെങ്കി പനി ബാധിതരായിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം ഇതിനോടകം 2863 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കി ബാധിച്ചത്. ഇതില്‍ ഏഴ് പേര്‍ മരിച്ചു. ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികള്‍ ഈ വര്‍ഷം ജൂണ്‍ 20 വരെ ബാധിച്ചത് 7906 പേര്‍ക്കാണെന്നും ഇവരില്‍ 22 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രിയുടെ കണക്കുകള്‍ വിശദമാക്കുന്നു. അതുപോലെ 2013-ലും 2017-ലും ആണ് ഇത്തരത്തില്‍ ഇതിനുമുമ്ബ് കേരളത്തില്‍ ഡെങ്കി വ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യമന്ത്രി വിശദമാക്കുന്നത്.

എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *